തിരുവനന്തപുരം: വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് കുടുംബത്തിന്റെ എല്ലാമായിരുന്ന സുനിൽകുമാറും അഖിലും അരുണിന്റെ കാെലക്കത്തിക്ക് മുന്നിൽ പിടഞ്ഞുവീണത്. ജഗതിയിലെ കുടുംബവീട്ടിൽ ഹൃദയഭേദകമായ നിലവിളികൾക്കിടിയിലാണ് ഇന്നലെ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങളെത്തിച്ചത്.
പൊതുദർശനത്തിന് ശേഷം വൈകിട്ട് ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി. നാടിന്റെ ഏതാവശ്യത്തിനും ചുമട്ടുതൊഴിലാളിയായ സുനിൽ കുമാർ ഒരു വിളിക്കപ്പുറമുണ്ടായിരുന്നു. സാമൂഹിക - സംഘടനാ പ്രവർത്തനത്തിൽ മുമ്പന്തിയിലുണ്ടായിരുന്ന സുനിൽകുമാർ സി.പി.എം മുടവൻമുകൾ ബ്രാഞ്ച് അംഗവും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ അംഗവുമായിരുന്നു.
സഹോദരി അപർണയുടെ വിവാഹത്തെ തുടർന്നുണ്ടായ ബാദ്ധ്യതകൾ തീർക്കാനും വീടെന്ന സ്വപ്‌നം സഫലമാക്കാനും വിദേശത്ത് ജോലിക്കുപോയ അഖിൽ ഒരാഴ്‌ച മുമ്പാണ് നാട്ടിലെത്തിയത്. തിങ്കളാഴ്‌ച തിരികെ പോകാനിരിക്കെയായിരുന്നു ദാരുണാന്ത്യം.