തിരുവനന്തപുരം; ഭൂമാഫിയയുടെ ചൂഷണങ്ങൾക്കും വികസനവാദികളുടെ പ്രലോഭനങ്ങളിലും വഴങ്ങാതെ ആറന്മുള സമരഭൂമി പൂർണമായും കേരളത്തിന്റെ മറ്റൊരു നെല്ലറയാകാൻ ഒരുങ്ങുന്നു. 27 നകം പദ്ധതിപ്രദേശത്ത് നെൽക്കൃഷി പുനരാരംഭിക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. മന്ത്രിമാരുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. നെൽകൃഷി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എന്നിവരുടെ ഒരു സംയുക്ത യോഗം കഴിഞ്ഞ ദിവസം നിയമസഭ കോൺഫറൻസ് ഹാളിൽ നടന്നു . സാങ്കേതികമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗം തീരുമാനമെടുത്തു. ചാലുകൾ ആഴംകൂട്ടി ജല നിർഗമനം സുഗമമാക്കുന്നതിനും ബണ്ടുകൾ ബലപ്പെടുത്തുന്നതിനും മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി.

കൃഷിയ്ക്ക് അവശ്യമായ വൈദ്യുതി കണക്ഷൻ 10 ദിവസത്തിനകം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. സോളാർ പദ്ധതിയിലൂടെ പാടശേഖരങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും അധിക വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നൽകി പാടശേഖര കമ്മറ്റിക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ഒരു വർഷത്തിനകം ആറന്മുളയിലെ മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കുന്നതിനായി രൂപരേഖ തയ്യാറാക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും കൃഷി വകുപ്പ്, വൈദ്യുതി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും പഠന റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്ന സ്ഥലത്ത് ഭാഗികമായി അഞ്ച് വർഷം മുൻപ് നെൽകൃഷി പുനരാരംഭിച്ചി രുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പൂർണ്ണമായും സ്ഥലം കൃഷിയോഗ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ തടസ്സങ്ങളെല്ലാം പരിഹരിക്കുന്നതിനാണ് ഇപ്പോൾ രൂപരേഖയായത് .