കൊല്ലം: ഇന്ധന, പാചകവാതക വിലവർദ്ധനയ്ക്കൊപ്പം ഇരട്ടി പ്രഹരമായി പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കും തീവിലയായി. കനത്ത മഴയിൽ തമിഴ്നാട്ടിലെ ഉൽപ്പാദന കേന്ദ്രങ്ങളിൽ പച്ചക്കറിവിളകൾക്കുണ്ടായ നാശനഷ്ടമാണ് വിലവർദ്ധനയ്ക്ക് കാരണം. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോരിച്ചൊരിയുന്ന മഴയും അറബിക്കടലിലെ ന്യൂനമർദ്ദവും കാരണം മത്സ്യത്തിനും ക്ഷാമം നേരിട്ടതോടെ നട്ടം തിരിയുകയാണ് ജനം.
#കത്തിക്കയറി ഇന്ധനവില
കൊവിഡ് ദുരിതത്തിൽ നിന്ന് അതിജീവനത്തിനായി ശ്രമത്തിനിടെയാണ് നിത്യേന പെട്രോൾ- ഡീസൽ എന്നിവയ്ക്കും പാചക വാതകത്തിനും വില കുതിച്ചുകയറുന്നത്. ആദ്യ ലോക്ഡൗൺ തുടങ്ങിയ 2020 മാർച്ചിൽ ഒരു ലിറ്റർ ഡീസലിന് 66 രൂപയായിരുന്നു. ഒന്നരവർഷം പിന്നിട്ടപ്പോൾ ഡീസൽ വില സെഞ്ച്വറി കടന്നു. പെട്രോൾ വില സെഞ്ച്വറി പിന്നിട്ടിട്ട് മാസങ്ങളായി.
യാത്രയ്ക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക്, വരുമാനത്തിന്റെ നല്ലൊരു ശതമാനവും പെട്രോൾ പമ്പുകളിൽ കൊടുക്കേണ്ട അവസ്ഥയാണ്. ആട്ടോ, ടാക്സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഉയർന്ന ഡീസൽ വില ബസ് സർവീസുകൾക്കും വെല്ലുവിളിയായിരിക്കുകയാണ്. പ്രതിദിനം ഉയരുന്ന ഇന്ധനവില നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
പച്ചക്കറി തൊട്ടാൽ പൊള്ളും !
പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും പൊള്ളുന്ന വിലയാണ്. തക്കാളി വില കുതിച്ചുയർന്നു. കിലോയ്ക്ക് 60 രൂപയായി. കാരറ്റിന് 70 രൂപയും. പയറിന് കിലോയ്ക്ക് 60 രൂപയും മുരിങ്ങക്കായയ്ക്ക് 80 രൂപയുമാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. സവാള വിലയും കണ്ണു നനയ്ക്കും. കിലോയ്ക്ക് 45 രൂപയാണ് പലയിടങ്ങളിലും ചില്ലറ വില. മഴ ശക്തമായതും ഉൽപ്പാദനത്തിലെ കുറവുമാണ് വില വർദ്ധനയ്ക്ക് കാരണമായി വ്യാപാരികൾ പറയുന്നത്.
വില നിലവാരം
(കിലോയ്ക്ക്)
ചുവന്നുള്ളി : 40 മുതൽ 50 വരെ
വെളുത്തുള്ളി :100
ബീൻസ്: 48
വെണ്ടയ്ക്ക: 40
കോവയ്ക്ക: 45
വഴുതനങ്ങ: 40
കാബേജ്: 30 മുതൽ 40 വരെ
ബീറ്റ്റൂട്ട്:40
പടവലങ്ങ:40
മത്തങ്ങ:25
വെള്ളരിക്ക:30
പച്ചമുളക്: 40മുതൽ 50 വരെ
ഇഞ്ചി: 40
അടുക്കള പൂട്ടും
കുടുംബബഡ്ജറ്റിന്റെ താളം തെറ്റിച്ച് പാചകവാതക വിലയും കുതിക്കുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയും ഒരു പോലെ കൂടി. ഗാർഹിക സിലിണ്ടറിന് 15 രൂപ കൂട്ടിയതോടെ വില 900 രൂപയ്ക്ക് മുകളിലെത്തി. നാല് മാസത്തിനിടെ പാചകവാതക വില 90 രൂപയാണ് കൂടിയത്. ഇക്കൊല്ലം ഇതുവരെ 205.50 രൂപയാണ് വർദ്ധിച്ചത്.