army

തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി 9ഓടെയാണ് മൃതദേഹം എത്തിച്ചത്.

സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ.എൻ. ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസെ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ സന്നിഹിതനായിരുന്നു.

പാങ്ങോട് മിലിട്ടറി ക്യാമ്പ് അഡ്മിൻ കമാൻഡന്റ് മുരളി ശ്രീധർ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. രാത്രി പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും. കുടവട്ടൂർ എൽ.പി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.