vais

വാമനപുരം: കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്റ്റിൽ. വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.100 കിലോഗ്രാം കഞ്ചാവുമായി പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖ് അറസ്റ്റിലായത്.

പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ക്ഷേത്ര പൂജാരിയായ പ്രതി വൻതോതിൽ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് ചില്ലറ വില്പന നടത്തിവരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് എന്ന് എക്സൈസ് സംഘം പറഞ്ഞു.

കഞ്ചാവ് വില്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അൻസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.