മുക്കം: ദിവസങ്ങൾ നീണ്ട മഴയ്ക്ക് ശമനമായെങ്കിലും വയലുകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട് ഒഴിയാത്തത് വാഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. വേരുപിടിച്ച് ഇല വിരിയാൻ തുടങ്ങിയ വാഴക്കന്നുകൾ നാലും അഞ്ചും ദിവസം വെള്ളത്തിൽ മുങ്ങി കിടക്കുന്നതോടെ വേരും മൂടും ചീഞ്ഞ് നശിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് മാളിയേക്കൽ പൊയിലിൽ മൂവായിരം വാഴകളാണ് വെള്ളത്തിൽ മുങ്ങിയത്.
പാട്ടത്തുക കൂടാതെ ഒരു ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വാഴ കർഷകൻ വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ ഹമീദ് പറഞ്ഞു. ലക്ഷം രൂപക്ക് സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. കന്നുകളെല്ലാം ചീഞ്ഞു പോയി, പറിച്ചു മാറ്റി പുതിയത് നടണം. ഒരു വാഴക്കന്നിന് കൂലി ചെലവടക്കം ശരാശരി മുപ്പത്തഞ്ച് രൂപ വരും. പുറമെ വളവും മറ്റു ജോലികളും. കൃഷിയിറക്കിയിട്ട് ഒരു മാസം പൂർത്തിയാകുന്നതേയുള്ളൂ. അതിനാൽ ഇൻഷ്വർ ചെയ്തിട്ടുമില്ല.
മേട്ടുപാളയം കന്നുകളാണ് നട്ടത്. ഇനിയതു പറ്റില്ല. കന്നി(സപ്തംബർ)യിലാണ് കൃഷിയിറക്കുന്നത്. കുംഭത്തിൽ (ഫെബ്രുവരി) കുലച്ചു തുടങ്ങും. എടവം പകുതിയോടെ (മെയ്, ജൂൺ) വർഷക്കാലവും വെള്ളപ്പൊക്കവും വരുമ്പോഴേക്കു വിളവെടുത്തു കഴിയും. ഇതാണു പതിവുരീതി. എന്നാൽ പത്തു മാസത്തിന് പകരം എട്ടു മാസത്തിനകം വിളവെടുക്കാവുന്ന ഇനം വാഴക്കന്നുകൾ കിട്ടിയെങ്കിലേ ഇത്തവണ കൃഷി തുടരാനാകൂ എന്നും ഹമീദ് പറഞ്ഞു.
കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും ഒട്ടേറെ വാഴ കൃഷിക്കാർ സമാന രീതിയിൽ ബുദ്ധിമുട്ടിലാണ്ടിരിക്കുകയാണ്. സർക്കാരിലും കൃഷി വകുപ്പിലും വാഴ കർഷകർക്കുണ്ടായ ദുരിതം അറിയിച്ച് സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി പരമാവധി സഹായിക്കുമെന്നും ഇവിടെ സന്ദർശിച്ച കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന പറഞ്ഞു.