വിതുര: വീട്ടമ്മമാരുടെയും പെൺകുട്ടികളുടെയും ഫോൺ നമ്പരുകളിലേക്ക് രാത്രി വിളിച്ച് അസഭ്യം പറയുന്നതായി പരാതി. വിതുര ചായം എട്ടാംകല്ല്, വലിയകലുങ്ക്, ചേരപ്പള്ളി, തൊളിക്കോട്, തോട്ടുമുക്ക് മേഖലകളിൽ താമസിക്കുന്ന നിരവധിപേർക്കാണ് ഇത്തരത്തിൽ ഫോൺ കാളുകൾ വരുന്നത്. പാതിരാത്രിയിലും പുലർച്ചെയുമാണ് ഇത്തരക്കാരുടെ ശല്യം കൂടുതൽ. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ തെരഞ്ഞുപിടിച്ചും ഇന്റർനെറ്റിൽ നിന്നടക്കം ഫോൺകാളുകൾ വരുന്നുണ്ട്. ശല്യം പരിധിവിട്ടതോടെ വീട്ടമ്മമാർ പൊലീസിൽ പരാതി നൽകി.