മാഹി: ക്ഷോഭത്തോടെ കരയെടുത്ത് ശീലിച്ച കടലമ്മ, പതിവിന് വ്യത്യസ്ഥമായി കര സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് വളവിൽ പ്രദേശം. മാഹി ഫിഷിംഗ് ഹാർബറിന് പുലിമുട്ട് പണിതപ്പോഴാണ് കടലിൽ നിന്ന് പൂഴിയടിഞ്ഞ് നാല് ഏക്കറോളം സ്ഥലം കൈവന്നത്. സർക്കാരിന്റെ രേഖയിലില്ലാത്ത വിശാലമായ ഈ തീരത്ത് നൂറുകണക്കിനാളുകളാണ് ഇപ്പോൾ വൈകുന്നേരങ്ങളിൽ എത്തുന്നത്. അധികൃതർ തിരിഞ്ഞ് നോക്കാതെ കാടുപിടിച്ച് കിടന്ന ഇവിടം ഇഴ ജീവികളുടേയും മുള്ളൻപന്നിയുടേയും വിഹാരകേന്ദ്രമായിരുന്നു.
തദ്ദേശവാസികൾ 78,000 രൂപ ചിലവഴിച്ചാണ് ഈ തീരം മനോഹരമാക്കിയത്. പ്രവാസികളും സാമ്പത്തിക സഹായം നൽകിയിരുന്നു. സുജിത്ത്, വളവിൽ രതീഷ്, ധനജ്ഞയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടന്നത്. വളവിൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് മുന്നിലാണ് വിശാലമായ ഈ തീരം രൂപപ്പെട്ടത്. സ്ഥല പരിമിതി കൊണ്ട് വീർപ്പ് മുട്ടുന്ന കടലോരത്തിന് വീണു കിട്ടിയ തീരം വരദാനം പോലെയായി.. തീരത്ത് നിന്ന് കടലിൽ അകലെ സ്ഥിതി ചെയ്തിരുന്ന ചൂട്ടക്കല്ല് ഉൾപ്പടെയുള്ള പാറക്കുട്ടങ്ങളുമെല്ലാം ഇപ്പോൾ തീരമണഞ്ഞു. 233 വർഷക്കാലം മയ്യഴി ഭരിച്ച ഫ്രഞ്ച് മൂപ്പൻ സായ്പ്പിന്റെ കൊടിമരവും ലൈറ്റ് ഹൗസും സ്ഥിതി ചെയ്യുന്ന കുന്നിന്റെ താഴ്വാരത്താണ് ഈ തീരം രൂപപ്പെട്ടത്. ഇന്നിപ്പോൾ മയ്യഴിയുടെ ഏറ്റവും ശാന്തസുന്ദരമായ ശുചിത്വമാർന്ന ഇടമായി ഈ പ്രകൃതിദത്ത തീരം മാറിയിട്ടുണ്ട്. ഹാർബർ സൈറ്റിലെ പുലിമുട്ടിലൂടെ ഒരു കിലോമീറ്റർ കടൽഭാഗത്ത് സഞ്ചരിച്ചാൽ ഒരിടത്താവളമുണ്ട്. ഇവിടെ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ അസ്തമയ സൂര്യന്റെ വർണ്ണ ഭംഗി ആസ്വദിക്കാം. കന്യാകുമാരിയുടെ കൂട്ടുകാരിയായി ഈ സുന്ദര തീരം മാറുകയാണ്.