പാലോട്: മൂന്നുവർഷം പിന്നിട്ടിട്ടും കോടികൾ ചെലവഴിച്ച് നവീകരണം നടത്തുന്ന നന്ദിയോട്- ചെറ്റച്ചൽ റോഡിന്റെ ശനിദശ മാറുന്നില്ല. 7 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയായെങ്കിലും മറ്റ് പ്രവൃത്തികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. പുതിയ ടാറിംഗ് ആകട്ടെ പലസ്ഥലങ്ങളിലും ഇളകിത്തുടങ്ങി. സൈഡ് വാൾ, ഓടനിർമ്മാണം എന്നിവ വൈകിയതോടെ റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനൽകിയവരും വ്യാപാരികളുമെല്ലാം ദുരിതത്തിന് നടുവിലായി.
2018ലെ ബഡ്‌ജറ്റിലാണ് 9.86 കോടി രൂപ ചെലവിൽ നന്ദിയോട്-ചെറ്റച്ചൽ റോഡ് നവീകരിക്കാൻ തീരുമാനിച്ചത്. റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിനൊപ്പം 6800 മീറ്റർ ഓട നിർമ്മാണം, ജംഗ്ഷനുകളിലെ നടപ്പാത ടൈൽസ് പാകൽ, റോഡിന്റെ സൈഡ് വാൾ നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. 2019 ൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെടാതായതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്.
വീട്ടിൽ കയറാൻ വഴിയില്ല
ഓട നിർമ്മാണത്തിനും റോഡ് വീതി കൂട്ടുന്നതിനുമായി സ്ഥലം വിട്ടുനൽകിയവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വീടുകൾക്കും കടകൾക്കും മുന്നിലും മറ്റ് സ്ഥലങ്ങളിലുമുള്ള ഓടകൾ സ്ലാബിട്ട് മൂടുന്ന പ്രവൃത്തിയും മണ്ണ് ഇടിച്ചുനീക്കിയ സ്ഥലങ്ങളിൽ വഴി നിർമ്മിക്കുന്നതും വൈകുന്നതാണ് ഇതിന് കാരണം. പലർക്കും ഇപ്പോൾ വീട്ടിലേക്ക് കയറാൻ സാധിക്കാത്ത അവസ്ഥയാണ്. നിർമ്മാണം അനന്തമായി നീണ്ടതോടെ സ്വന്തം ചെലവിൽ വഴി നിർമ്മിച്ചവരുമുണ്ട്. നല്ലൊരു തുക ഇവർക്ക് ഇതിനായി ചെലവായി. ഇതിന് സാധിക്കാത്തവരാകട്ടെ ചുറ്റിക്കറങ്ങിയാണ് വീടുകളിലേക്ക് കയറുന്നത്.
മണ്ണിടിച്ചിൽ ശക്തം
റോഡ് വീതി കൂട്ടുന്നതിനായി പലസ്ഥലങ്ങളിലും മുപ്പതടിയിലേറെ പൊക്കത്തിലാണ് മണ്ണ് ഇടിച്ചുമാറ്റിയത്. ഇവിടെയല്ലാം മണ്ണിടിച്ചിൽ ഭീഷണി ശക്തമാണ്. പ്രതിഷേധം ശക്തമായതോടെ ചിലസ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് പാർശ്വഭിത്തി നിർമ്മിച്ച് അധികൃതർ തടിതപ്പുകയായിരുന്നു. മഴക്കാലമായതോടെ പാർശ്വഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ വീടുകൾ തകർച്ചാഭീഷണിയുടെ നടുവിലാണ്. മണ്ണാറുകുന്ന് ഭാഗത്തെ വീടുകളിൽ താമസിക്കുന്നവർ ആകാശത്ത് മഴക്കാറ് കണ്ടാൽ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്
ഓരുക്കുഴി, നവോദയ സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതും മറ്റൊരു പ്രശ്നമാണ്.
അപകടങ്ങൾ ഏറുന്നു
നന്ദിയോട് ജംഗ്ഷൻ മുതൽ നിർമ്മിച്ച നടപ്പാത പലസ്ഥലങ്ങളിലും പല അളവുകളിലാണ്. ഇത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. നിർമ്മാണം പൂർത്തിയായ റോഡിൽ പല സ്ഥലങ്ങളിലും ടാറിംഗ് ഇളകി മാറിയതും വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു.
"റോഡ് നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം പൊതുമരാമത്ത് മന്ത്രിക്കും വിജിലൻസിനും കൈമാറിയിട്ടുണ്ട്. ഇത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം."
ബി.എസ്. രമേശൻ പ്രസിഡന്റ്,
എസ്.എൻ.ഡി.പി യോഗം
നന്ദിയോട് ശാഖ
പി. അനിൽകുമാർ, സെക്രട്ടറി