വെമ്പായം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയിട്ടും നാട്ടിൽ ഇപ്പോഴും ഇവ സുലഭം. മത്സ്യ മാർക്കറ്റുകൾ, പച്ചക്കറി കടകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമായി തുടരുകയാണ്.
ഭക്ഷണം പാഴ്സൽ ചെയ്തുകൊടുക്കുന്ന ചില ഹോട്ടലുകളും ഈ നിരോധനം അറിഞ്ഞ മട്ടില്ല. 2020 ജനുവരി 1 മുതൽ കടുത്ത ആരോഗ്യ, പരിസ്ഥിതി പ്രശ്നം ഉടലെടുക്കുന്നു എന്ന കാരണത്താൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളടക്കമുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ആദ്യനാളുകളിൽ പരിശോധനകൾ കർശനമായതോടെ ഇത്തരം ഉത്പന്നങ്ങൾ മാർക്കറ്റുകളിൽ നിന്ന് പതിയെ പിൻവലിഞ്ഞിരുന്നു. പൊതുജനങ്ങളും തുണിസഞ്ചി യിലേക്ക് മടങ്ങിപ്പോകാനും ആരംഭിച്ചു. എന്നാൽ പതിയെ ഇവ തിരികെ വന്നു. ഒപ്പം കൊവിഡ് കൂടി വന്നതോടെ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ കൊവിഡ് പോരാളികളായതോടെ പരിശോധന നിലച്ചു, ഉപയോഗം കൂടി.
2022 ജൂലായ് ഒന്നുമുതൽ പൂർണ നിരോധനം 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ -വുവൺ ബാഗുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ 2022 ജൂലായ് ഒന്നുമുതൽ രാജ്യത്ത് പൂർണമായും നിരോധിക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ മുന്നോടിയായുള്ള ആദ്യഘട്ടം കഴിഞ്ഞ ഏഴുമുതൽ നടപ്പിലായി തുടങ്ങി. രണ്ടാംഘട്ടമായി ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള മുഴുവൻ പ്ലാസ്റ്റിക് ക്യാരി ബാഗുകളും രാജ്യത്ത് അനുവദിക്കില്ല.
തുണി, കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബദൽ സംവിധാനങ്ങൾ സുലഭമാണ്. ജൈവവസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ബയോ ബാഗുകൾ ഉപയോഗിക്കാമെങ്കിലും ആവശ്യത്തിനനുസരിച്ച് ഇവ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തത് പ്രതികൂലമായി. പ്ലാസ്റ്റിക്കിന് ബദൽ മാർഗ്ഗത്തിനായി ആരംഭിച്ച ചില സ്ഥാപനങ്ങൾ കൊവിഡ് കാലത്ത് പൂട്ടിയതും തിരിച്ചടിയായി. പ്ലാസ്റ്റിക്കിന് പകരം എത്തിച്ച നോൺ വൂവൺ ക്യാരിബാഗുകൾ കാഴ്ചയിൽ തുണി എന്ന് തോന്നുമെങ്കിലും മണ്ണിൽ ലയിക്കാത്ത ഇവ അപകടകാരിയാമെന്നും അഭിപ്രായമുണ്ട്.
പിഴ ഇങ്ങനെ
ആദ്യമായി നിയമം ലംഘിച്ചാൽ .......10000 രൂപ
ആവർത്തിച്ചാൽ.... 25,000 രൂപ, മൂന്നാമതും തുടർന്നാൽ...... 50000 രൂപ,
പിന്നീട് സ്ഥാപനത്തിന് നിരോധനം