kulam

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ആലുംമൂട് വാർഡിലെ ഈഴക്കുളം നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മാലിന്യങ്ങൾ മുഴുവനും വന്നടിയുന്ന ഈഴക്കുളം നവീകരിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കുളം നവീകരണത്തിന് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ നഗരസഭയും. നെയ്യാറ്റിൻകര നഗരത്തിലെ മഴവെളളവും ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തളളുന്ന മലിനജലം ഉൾപ്പടെയുളളവ ഒഴുകിയെത്തിച്ചേരുന്നത് ഈഴക്കുളത്തിലേക്കാണ്. ഇവയെല്ലാം വന്നടിഞ്ഞ് കുളം മുഴുവൻ പായൽമൂടിയ അവസ്ഥയിലാണ്. മാറി മാറി വരുന്ന നഗരസഭാ ഭരണസമിതികൾ ഈഴക്കുളം നവീകരിക്കാനായി ബഡ്ജറ്റിൽ പതിവായി തുക മാറ്റി വയ്ക്കുമെങ്കിലും നവീകരണം മാത്രം എങ്ങുമെത്തിയില്ല. കുളത്തിൽ മാലിന്യമടിഞ്ഞ് വൃത്തിഹീനമാകുന്ന അവസ്ഥയിൽ വല്ലപ്പോഴുമുളള മാലിന്യം നീക്കൽ മാത്രമേ ഇവിടെ നടക്കുന്നുളളു.

** പാഴായ പദ്ധതികൾ

ഒരു കാലത്ത് കവളാകുളം മാഞ്ചിറ പ്രദേശത്തെ മുഴുവൻ സ്ഥലത്തും കൃഷിക്കാവശ്യമായ ജലം ഉപയോഗിച്ചിരുന്നത് ഈഴക്കുളത്തിൽ നിന്നുമായിരുന്നു. കുളത്തിന് സമീപത്ത് കരിങ്കൽ കൊണ്ട് നടപ്പാത നിർമ്മിച്ചതൊഴികെ കുളം നവീകരിക്കാനുള്ള ഒരു ശ്രമവും ഇതേ വരെ നടന്നിട്ടില്ല. കഴിഞ്ഞ നഗരസഭാഭരണസമിതി കുളം നവീകരണത്തിന് 25 ലക്ഷം രൂപ നീക്കിവച്ചെങ്കിലും അതും പാഴായി. മഴക്കാലത്ത് പകർച്ചപ്പനിയുണ്ടാക്കുന്നത് ഈഴക്കുളത്തിലെ മാലിന്യത്തിലുളള കൊതുകും ഈച്ചകളുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

** കുളം വൃത്തിയായി സംരക്ഷിച്ചില്ലെങ്കിൽ പകർച്ചപ്പനിയും മന്തും പടർന്നു പിടിക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

** ഈഴക്കുളം ശുചീകരിച്ച് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മീൻവളർത്താൻ ഒരു സംഘം മുന്നോട്ടു വന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അധികൃതർ പിൻവാങ്ങി.

** ജലജന്യ ഔഷധസസ്യങ്ങളും വിപണിയിൽ ഏറെ വിലയുള്ള താമരയും മറ്റും വളർത്തുന്ന പദ്ധതിയുമായി കുടുംബശ്രീ പ്രവർത്തകർ നഗരസഭയ്ക്ക് പ്രൊജക്ട് നൽകിയത് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

** ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നിരവധി പദ്ധതികളുളളപ്പോൾ അതെല്ലാം ഈഴക്കുളത്തിന് അന്യമാകുന്നു.