photo

നെടുമങ്ങാട്: പഴയൊരു സ്കൂട്ടറിൽ നാടിന്റെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തിരുന്ന എ.ജി എന്ന എ.ജി തങ്കപ്പൻ നായർ ഇനി ഓർമ്മ. അയിത്തത്തിനും തൊഴിലാളികളോടുള്ള ചൂഷണങ്ങൾക്കും എതിരായ സമരങ്ങൾക്ക് ഊടുംപാവും നെയ്ത് പൊതുധാരയിൽ ചുവടുറപ്പിച്ച എ.ജിയുടെ ജീവിതം പുതുതലമുറ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണ്.

നെടുമങ്ങാട് ചന്തയിൽ അടിസ്ഥാനവർഗം നേരിട്ടിരുന്ന വിവേചനത്തിനെതിരെ അവിഭക്ത കമ്മ്യുണിസ്റ്റുകളായ എൻ.എൻ. പണ്ടാരത്തിൽ, പി.എം. സുൽത്താൻ, പി.ജി. വേലായുധൻ, വിതുര സാംബശിവൻ, നന്ദിയോട് വിശ്വംഭരൻ, മലങ്കോവ് കൃഷ്ണൻ, പി.ജി. സുകുമാരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക തൊഴിലാളി മുന്നേറ്റത്തിൽ ചുള്ളിമാനൂർ, ആട്ടുകാൽ, പനവൂർ ഭാഗങ്ങളിൽ നിന്ന് കർഷകരെ അണിനിരത്തി ചെറുജാഥകൾ സംഘടിപ്പിച്ചാണ് പരമ്പരാഗത കർഷക കുടുംബാംഗവും പരേതരായ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനുമായ എ.ജിയുടെ രാഷ്ട്രീയ പ്രവേശം. ആ പതിനെട്ടുകാരന്റെ സമരവീര്യത്തിൽ ആകൃഷ്ടരായ നേതാക്കൾ മുടവൻമുകൾ, ട്രാൻസ്പോർട്ട്, തോട്ടംതൊഴിലാളി പ്രക്ഷോഭങ്ങളിലും അടിയന്തരാവസ്ഥാ സമരത്തിലും എ.ജിയെ മുന്നണിയിൽ നിറുത്തി. കടുത്ത പൊലീസ് മർദ്ദനവും ജയിൽവാസവും നേരിട്ടു.

സി.പി.എം രൂപീകരിച്ചപ്പോൾ താലൂക്ക് ജോയിന്റ് സെക്രട്ടറിയായ എ.ജി, അഞ്ച് പഞ്ചായത്തുകൾ അടങ്ങിയ നെടുമങ്ങാട് എൽ.സിയുടെ സെക്രട്ടറിയുമായിരുന്നു. ഈ ഘട്ടത്തിൽ നടന്ന പഴകുറ്റി കശുഅണ്ടി സമരവും ചരിത്രത്തിൽ ഇടംപിടിച്ചതാണ്. നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകാത്ത സഖാവിനു പിന്നിൽ തെങ്ങുകയറ്റ തൊഴിലാളികൾ, ടാപ്പിംഗ് തൊഴിലാളികൾ, തേയിലത്തോട്ടം തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങൾ എക്കാലവും ഉറച്ചുനിന്നു. എ.ജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ടതാണ് ഇന്നത്തെ പനവൂർ ഗ്രാമപഞ്ചായത്ത്. അദ്ദേഹം പ്രസിഡന്റായിരിക്കെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പനവൂരിൽ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിച്ചു.

സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിലും എ.ജിയുടെ വസതിയിലുമായി നടന്ന പൊതുദർശനത്തിൽ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെത്തി.

മന്ത്രി ജി.ആർ. അനിൽ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ, കെ. ആൻസലൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, കോലിയക്കോട് കൃഷ്ണൻ നായർ, ചെറ്റച്ചൽ സഹദേവൻ, വി.കെ. മധു, സി.പി.എം ഏരിയാ സെക്രട്ടറി ആർ.ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.