വിതുര: തൊളിക്കോട് പഞ്ചായത്തിലെ അരുവിക്കരമൂല ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരമായ മണലയം, ഞാനിക്കുന്ന്, കൊച്ചുകോണം, പുത്തൻവീട്, എട്ടാം കല്ല് തുടങ്ങിയ സ്ഥലങ്ങളിലെ ഇരുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ വലയുന്നു. ഇതോടെ പ്രശ്നം പരിഹരിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ആനപ്പെട്ടി ഭാഗത്തുനിന്ന് വരുന്ന പ്രധാന പൈപ്പ്ലൈൻ മഹാത്മാ ജംഗ്ഷനിൽ അവസാനിക്കുന്നു. ഈ പൈപ്പ് ലൈൻ എട്ടാംകല്ല് വരെയെങ്കിലും നീട്ടണം എന്നുള്ള ആവശ്യവും ഇതുവരെ ഫലം കണ്ടിട്ടില്ല. മഹാത്മ, എട്ടാംകല്ല്, ഭൂതംകുഴി തുടങ്ങിയ സ്ഥലങ്ങിൽ ഇപ്പോഴും വിവിധങ്ങളായ കൃഷി നടത്തുന്നതിനാൽ വയലിലെ ഓര് വെള്ളമാണ് സമീപത്തെ കിണറുകളിൽ നിന്ന് ലഭിക്കുന്നത്. ഇവിടെ കുഴൽക്കിണർ നിർമ്മിച്ചാലും ഓര് വെള്ളമാകും ലഭിക്കുക. കുടിവെള്ളം വിലകൊടുത്ത് വാങ്ങാനുള്ള സാമ്പത്തികശേഷി ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾക്കില്ല. തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇവിടത്തെ കുടിവെള്ള പ്രശ്നവും ഉൾപ്പെടുത്താറുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഈ പ്രദേശത്തെ കുടിവെള്ളം പ്രശ്നം ചൂണ്ടാക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർക്ക് മുന്നിൽ നാട്ടുകാർ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടാറുണ്ട്.
***കൃഷിയും കന്നുകാലി വളർത്തലും പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ള ഇവിടത്തെ ആളുകൾക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ല.
തോടുകളുണ്ടെങ്കിലും
സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭൂരിപക്ഷം പേരും കുളിക്കുന്നതിനും അലക്കുന്നതിനും സമീപത്തെ തോടുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വരൾച്ചാകാലം ആകുമ്പോൾ തോടുകളിലും കിണറുകളിലും ജലം പാടെ വറ്റും. ഈ സമയങ്ങളിൽ മഹാത്മാ ജംഗ്ഷനിലെ പൈപ്പിന് മുന്നിൽ നീണ്ട നിരയും കാണാനാകും. മിക്കപ്പോഴും പൈപ്പിലും ജലം ലഭിക്കില്ലെന്നത് ജലക്ഷാമം രൂക്ഷമാക്കും. ഈ പ്രദേശത്ത് ലൈൻ പൈപ്പ് ഇല്ലാത്തതിനാൽ കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ സൗജന്യ വാട്ടർ കണക്ഷൻ പദ്ധതി ഈ പ്രദേശത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇവിടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്.