maheswaram-tewmple

പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. മേൽശാന്തി കുമാർ മഹേശ്വരത്തിന്റെ കാർമ്മികത്വത്തിൽ രാവിലെ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്കും നവരാത്രി മണ്ഡപത്തിലെ പൂജയെടുപ്പിനോടനുബന്ധിച്ചുള്ള ദീപാരാധനയ്ക്കും ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭം നടന്നത്.

ക്ഷേത്ര വാദ്യകലാപീഠത്തിന്റെ കീഴിലുള്ള പഞ്ചാരിമേളം രണ്ടാമത് ബാച്ചിലെ വിദ്യാർത്ഥികൾക്ക് വാദ്യകലാപീഠത്തിലെ ഗുരുനാഥനായ രാജീവ് കുടവട്ടൂർ വിദ്യാരംഭം നടത്തി. മേൽശാന്തി കുമാർ മഹേശ്വരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷക്കമ്മിറ്റി കൺവീനർ വി.കെ. ഹരികുമാർ, ഓലത്താന്നി അനിൽ, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടന്ന ദീപക്കാഴ്ച്ചയോടെ നവരാത്രി മഹോത്സവത്തിന് സമാപ്തിയായി. വിജയദശമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.