വെമ്പായം: വെമ്പായം മദപുരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മദപുരത്തുള്ള ചുമടുതാങ്ങിയും പരിസരവും വൃത്തിയാക്കുകയും ചുമടുതാങ്ങിയിൽ വെള്ള പെയിന്റടിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞദിവസം അവിടെ ആർ.എസ്.എസ് പ്രവർത്തകർ തങ്ങളുടെ സംഘടനയുടെ പേരെഴുതി. ഇതിനുമേൽ വീണ്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളയടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തങ്ങളുടെ ചുവരെഴുത്ത് മായ്ച്ച സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിപിനെ ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞുവച്ചു. ഇതറിഞ്ഞെത്തിയ വിപിന്റെ ബന്ധുക്കളും ഇവരുമായി സംഘർഷമുണ്ടായി. ഇതേസമയം ഇതുവഴി കടന്നുപോയ ആർ.എസ്.എസ് റൂട്ടുമാർച്ചിൽ ഉണ്ടായിരുന്നവരും ഇതിൽ ഇടപെട്ടു. പ്രശ്നം പരിഹരിക്കാൻ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തിയതോടെ സംഘർഷം കടുത്തു. സി.പി.എം തലയിൽ ബ്രാഞ്ച് സെക്രട്ടറി കെ. സുരേേഷ് കുമാർ (49), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സുധി ഡെന്നീസ് (23), വിപിൻ (23), വിഘ്നേഷ് (18), ആർ.എസ്.എസ് പ്രവർത്തകരായ ജിതിൻ (29), രാഹുൽ (22), വിനീഷ് (28) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകരായ നിഷാൻ, അനീഷ്, സി.പി.എം പ്രവർത്തകനായ അനിൽകുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.