തിരുവനന്തപുരം: തൈക്കാട് ആശുപത്രിക്ക് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസാം സ്വദേശി ജോണി കച്ചോബിനായാണ് (22) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 7.30നായിരുന്നു സംഭവം. കാറിൽ വരികയായിരുന്ന പെൺകുട്ടിയും കുടുംബവും ആശുപത്രിക്ക് സമീപം വാഹനം നിറുത്തി.
ഈ സമയം അവിടെ നിൽക്കുകയായിരുന്ന പ്രതി വാഹനത്തിനുള്ളിൽ കൈയിട്ട് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോക്‌സോ ആക്ട് ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നതിനാൽ ഇയാളെ റിമാൻഡ് നടപടികൾക്ക് ശേഷം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.