പാറശാല:കലാ പഠനരംഗത്ത് 23 വർഷങ്ങൾ പിന്നിടുന്ന പാറശാലയിലെ വോയ്സ് ഒഫ് ഇന്ത്യ സ്കൂൾ ഒഫ് മ്യൂസിക്കിലെ സംഗീതം, നൃത്തം, വാദ്യോപകരണം എന്നിവയുടെ ക്ലാസുകൾ വിജയദശമി ദിനത്തിൽ സംഗീതാർച്ചനയോടെ ആരംഭിച്ചു. വിദ്യാരംഭം ക്ലാസുകളുടെ ഉദ്ഘാടനം ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി ജെ.റ്റി.അനീഷ് ലാൽ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. സ്കൂൾ ഡയറക്ടർ വൈ.എസ്.ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ കൺവീനർ എസ്.എസ്.ലളിത്, പാറശാല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ എന്നിവർ സംസാരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന ക്ലാസുകൾ ഇന്നലെയാണ് പുനരാരംഭിച്ചത്.