സമരംകടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികൾ
തിരുവനന്തപുരം:നഗരസഭ സോണൽ ഓഫീസുകളിലെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും വലിയ തട്ടിപ്പുനടന്ന നേമം സോണൽ ഓഫീസിലെ പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്നും എത്രയുംവേഗം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇവരുമായി ബന്ധമുള്ള ആളുകളെ പൊലീസ് ചോദ്യംചെയ്തു. വരും ദിവസങ്ങളിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് പൊലീസ് കടക്കുമെന്ന് സൂചനയുമുണ്ട്. ഇതിനിടെ നേമത്തെ കേസിലെ ഒന്നാംപ്രതി സുനിത ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം തട്ടിപ്പുകേസിൽ പ്രതികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ. നഗരസഭ കൗൺസിൽ ഹാളിൽ ബി.ജെ.പി അംഗങ്ങൾ നടത്തുന്ന സമരം 18–ാം ദിവസത്തിലേക്ക് കടന്നു. യു.ഡി.എഫ് അംഗങ്ങളുടെ റിലേ സത്യഗ്രഹവും തുടരുകയാണ്. കൗൺസിൽ യോഗങ്ങൾ ബഹിഷ്‌കരിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. സമരമിരിക്കുന്ന ബി.ജെ.പി കൗൺസിലർമാർ മഹാനവമി ദിനത്തിൽ കൗൺസിൽ ഹാളിൽ മുനിസിപ്പൽ ആക്ട് അടങ്ങുന്ന പുസ്തകവും, ലെറ്റർ പാഡും, സീലും ഉൾപ്പെടെയുള്ളവ പൂജയുംവച്ചു.
പ്രതികളെ മന്ത്രി സംരക്ഷിക്കുന്നു:ബി.ജെ.പി
ഒരു മന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ് നേമത്ത് പൊലീസ് പ്രതി ചേർത്തിട്ടുള്ള ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാൻ കഴിയാത്തതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആരോപിച്ചു. മന്ത്രി വി. ശിവൻകുട്ടി മേയറായിരുന്ന കാലം മുതൽ തട്ടിപ്പു നടക്കുന്നുണ്ടെന്ന ആരോപണവും അന്വേഷിക്കണം. വീട്ടുകരം തട്ടിപ്പ് അന്വേഷിക്കുന്നതിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണം. തട്ടിപ്പു വ്യക്തമായിട്ടും തദ്ദേശ മന്ത്രി മൗനം തുടരുന്നത് ദുരൂഹമാണ്. സമരപരിപാടികളുടെ ഭാഗമായി 18ന് യുവമോർച്ച ധർണ നടത്തുമെന്നും രാജേഷ് അറിയിച്ചു.
നഗരസഭയിൽ നടക്കുന്നത് അഴിമതി മാത്രം: കെ.മുരളീധരൻ
നഗരസഭയിൽ അഴിമതിയല്ലാതെ മറ്റൊന്നും നടക്കാത്ത സ്ഥിതിയാണെന്നും മാലിന്യം നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ അവതാളത്തിലാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
യു.ഡി.എഫ് അംഗങ്ങൾ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളന്മാർ രാത്രിയിൽ മോഷണം നടത്തുമ്പോൾ നഗരസഭയിലെ ചില ഉദ്യോഗസ്ഥർ പകൽക്കൊള്ളയാണ് നടത്തുന്നത്. നഗരത്തിലെമ്പാടും മേയർ കട്ട്ഔട്ട് വച്ചിട്ടുണ്ട്. എന്നാൽ കോർപറേഷൻ പിരിച്ച നികുതി 'കട്ട്-ഔട്ട് ' ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ മൂന്നാം ദിവസം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺസൺ ജോസഫ്, കൗൺസിലർമാരായ മേരിപുഷ്പം, ശ്യാംകുമാർ, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം സനൽകമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പ്രതിപക്ഷ പാർട്ടി നേതാവ് ജോസ് ഫ്രാങ്ക്ളിൻ, ഡി.സി.സി ഭാരവാഹികളായ മര്യാപുരം ശ്രീകുമാർ, ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, കടകംപള്ളി ഹരിദാസ്, ഡി. അനിൽകുമാർ, പാങ്ങപ്പാറ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.