കോവളം: മലയാളഭാഷയിലെ 51 അക്ഷരങ്ങളെയും ദേവരൂപത്തിലാക്കി പ്രതിഷ്ഠിച്ച വെങ്ങാനൂർ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സന്ദർശനം നടത്തി. വിജയദശമിദിനമായ ഇന്നലെ ക്ഷേത്രത്തിലെത്തിയ ഗവർണർ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ അക്ഷരങ്ങളെ ദേവതാരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അത് നേരിട്ട് കാണാനായത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും പറഞ്ഞു.
ക്ഷേത്രം ഭാരവാഹികളായ എം.എസ്. ഭുവനചന്ദ്രൻ, പള്ളിക്കൽ സുനിൽ, അഡ്വ. രാജീവ് രാജധാനി, കിളിമാനൂർ അജിത്, കോവളം സന്തോഷ് എന്നവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. വിജയദശമിദിനത്തിൽ നിരവധി കുട്ടികളാണ് വിദ്യാരംഭത്തിനായി ക്ഷേത്രത്തിൽ എത്തിയത്. ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.