health

പുരുഷന്മാരിൽ മൂത്രതടസം ഉണ്ടാക്കുന്ന പ്രധാന അസുഖങ്ങളാണ്

പ്രോസ്റ്റേറ്റ് വീക്കവും മൂത്രനാളത്തിലെ (യുറിത്ര) സ്ട്രിക്‌ചറും.

മൂത്രമൊഴിച്ചു തുടങ്ങുന്നതിനുള്ള താമസം, ശക്തി കുറഞ്ഞ് മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക, മൂത്രം കെട്ടിനിൽക്കുന്നതിനൊപ്പം കവിഞ്ഞ് ഒഴുകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

പരിശോധനകൾ

മലദ്വാരത്തിൽ കൂടിയുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയാണ് ഇതിൽ പ്രധാനം. വലിപ്പം, കാഠിന്യം മുതലായ കാര്യങ്ങളാണ് ഇതിലൂടെ പരിശോധിക്കപ്പെടുന്നത്. രക്തത്തിലെ ക്രിയേറ്റിനിൻ, പി.സി.എ പരിശോധന,​ മൂത്രത്തിന്റെ മൈക്രോസ്കോപിക് പരിശോധന,​ യൂറോഡയിനാമിക് പരിശോധനകൾ, യൂറോഫ്ളോമെട്രി എന്നിവയാണ് മറ്റു പ്രധാന പരിശോധനകൾ.

മൂത്രം കെട്ടിനിൽക്കുന്നതിന്റെ അളവ് നോക്കുന്നതിന് മൂത്രാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് വേണ്ടിവരാം. മൂത്രാശയ അണുരോഗബാധ, മൂത്രാശയ കാൻസർ, മൂത്രക്കല്ല് മുതലായവയുള്ള രോഗികൾക്ക് സി.ടി സ്കാൻ, ഫ്ളെക്‌സിബിൾ സിസ്‌റ്റോസ്കോപി പരിശോധനകൾ വേണ്ടിവരും.

നാഡീവ്യൂഹത്തിന്റെ തകരാറ്, അടിവയറ്റിലെ ശസ്ത്രക്രിയ മുതലായവയുടെ ചരിത്രമുള്ള രോഗികൾക്ക് വിശദമായ യൂറോ ഡയ്‌നാമിക് പരിശോധനകൾ വേണ്ടിവരും.

മൂത്രനാളിയിലെ അടവുള്ള (സ്ട്രിക്ചർ) രോഗികൾക്ക് യുറിത്രോഗ്രാം, അൾട്രാസൗണ്ട് സ്കാൻ, ലിംഗത്തിന്റെ എം.ആർ.ഐ പരിശോധന തുടങ്ങിയവ വേണ്ടിവരും.

മൂത്രനിയന്ത്രണമില്ലായ്മ ഒരു പ്രധാന മൂത്രാശയ പ്രശ്നമാണ്. ചുമ, തുമ്മൽ, വേഗം നടക്കുക, ഭാരമുള്ള വസ്തുക്കൾ ഉയർത്തുക മുതലായ സാഹചര്യങ്ങളിൽ മൂത്രം നിയന്ത്രണമില്ലാതെ പോകുന്നു. ചിലരിൽ പെട്ടെന്ന് മൂത്രം പോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ യൂറോ ഡയ്‌നാമിക് പരിശോധനകൾ, മൂത്രാശയത്തിന്റെ അൾട്രാസൗണ്ട് സ്കാൻ, മൂത്രത്തിന്റെ പരിശോധനകൾ മുതലായവ വേണ്ടിവരും.

അടിവയറ്റിലും ജനനേന്ദ്രിയത്തിലും ഉണ്ടാകുന്ന ദീർഘനാൾ നിലനിൽക്കുന്ന വേദന - ക്രോണിക് പെൽവിക് പെയിൻ സിൻഡ്രോം ഒരു പ്രധാന പ്രശ്നമാണ്. ഇതിന്റെ രോഗനിർണയത്തിന് മൂത്രപരിശോധന, യൂറോഡയ്‌നാമിക് പരിശോധന, സിസ്‌റ്റോസ്കോപി, പൊട്ടാസ്യം ക്ളോറൈഡ് ടെസ്റ്റ്, മൂത്രാശയ ബയോപ്സി മുതലായവ വേണ്ടിവരും.

മൂത്രാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ മുതലായവയും മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മൂത്രത്തിന്റെ സൈറ്റോളജി, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, സിസ്റ്റോസ്കോപി ബയോപ്സി മുതലായ പരിശോധനകളും വേണ്ടിവരും.