veliyannur

കൊയിലാണ്ടി: വിശാലമായ വെളിയല്ലൂർ ചല്ലിയുടെ വികസനത്തിന് 20.7 കോടിയുടെ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാകുന്നു. മൈനർ ഇറിഗേഷൻ വകുപ്പാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. കൊയിലാണ്ടി നഗരസഭ, അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് വെളിയന്നൂർചല്ലി പാടശേഖരം. ഒരാഴ്ചക്കുളളിൽ പദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിക്കും. ഇതോടൊപ്പം ചല്ലിയുടെ ഭാഗമായ നായാടൻ പുഴയുടെ പുനരുദ്ധാരണവും പദ്ധതിയിലുണ്ട്.

നേരത്തെ 15 കോടിയുടെ പ്രോജക്ടായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ 2018ലെ പുതുക്കിയ ഷെഡ്യൂൾ റെയിറ്റ് പ്രകാരം 20.7 കോടി രൂപയായി എസ്റ്റിമേറ്റ് തുക വർദ്ധിപ്പിക്കുകയായിരുന്നു. വെളിയണ്ണൂർ ചല്ലിയിൽ ജല ക്രമീകരണ പദ്ധതി നടപ്പിലാക്കി ഈ പാടശേഖരം പൂർണ്ണമായി നെൽകൃഷിയ്ക്ക് അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 200 ഹെക്ടറിൽ നെൽകൃഷി ഉൾപ്പെടെയുളള സംയോജിത കൃഷി സാദ്ധ്യമാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഏതാണ്ട് 4000 കുടുംബങ്ങൾക്ക് ഇത് ഉപകാരപ്രദമാകും. ചല്ലിയോട് ചേർന്നുളള നായടൻ പുഴ പുനരുദ്ധരിക്കുന്നതിനായി 4.87 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. 700 മീറ്ററിൽ നായാടൻ പുഴ വീണ്ടെടുക്കാനാണ് ഉദ്ദേശം. നായടൻ പുഴയിൽ നിന്നും തെക്കൻ ചല്ലിയിലേക്കുളള 200 മീറ്റർ അനുബന്ധതോടും പുനർ നിർമ്മിക്കും. തെക്കെൻ ചല്ലിയിൽ നടുതോടും ഇടത്തോടുകളും നിർമ്മിക്കും. ചെറോൽ താഴ, നമ്പൂരിക്കണ്ടിതാഴ,തുരുത്തിത്താഴ എന്നിവിടങ്ങളിൽ ഉപ്പുവെളള പ്രതിരോധ തടയണകൾ (എസ്.ഡബ്യു.ഇ വി.സിബികൾ)നിർമ്മിക്കും. തോടിന്റെ വശങ്ങളിൽ ട്രാക്ടർ കടന്ന് പോകാനുുള്ള ബണ്ടുകൾ ഉണ്ടാവും. പ്രധാന തോടുകൾ ചേരുന്ന തുരുത്തിയിൽ താഴ ഭാഗത്ത് വി.സി.ബി നിർമ്മിക്കും. വി.സി.ബികളുടെ നിർമ്മാണത്തിന് രണ്ടേമുക്കാൽ കോടി രൂപയാണ് കണക്കാക്കിയത്. നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുള്ള നെൽകൃഷി പ്രയോഗികമല്ലാത്ത വെള്ളക്കെട്ടുളള ഭാഗങ്ങൾ ടൂറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കാനാണ് പദ്ധതി.