പൂവാർ: കനത്ത മഴയെ തുടർന്ന് പൂവാർ മുതൽ അടിമലത്തുറ വരെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഓടകളും റോഡുകളും തോടായി. സമീപത്തെ വീടുകളിലും വെള്ളം കയറി. ഇടറോഡുകളിലെയും സമീപ പ്രദേശങ്ങളിലെയും കുഴികളെല്ലാം മലിനജലം കൊണ്ട് നിറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ഗോതമ്പ് റോഡ് തോടായി മാറിയിരിക്കുകയാണ്.
അടിമലത്തുറ, അമ്പലത്തുമൂല പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ മഴയുള്ളപ്പോൾ പോലും വെള്ളക്കെട്ട് രൂക്ഷമാകാറുണ്ട്. അവിടങ്ങളിലെ ഗതാഗതവും താറുമാറായി. വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ അകത്തേക്ക് പോകാനോ കഴിയാത്ത അവസ്ഥയാണ്. വൃദ്ധരും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
മലിനജലം ആഴ്ചകളോളം കെട്ടിക്കിടക്കുന്നതും പതിവാണ്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും ഏതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ കൂടിയതോടെ പ്രദേശവാസികൾ പകർച്ചവ്യാധി ഭീതിയിലാണ്. ഉയർന്ന പ്രദേശങ്ങളിലെ ഓടകൾ അവസാനിപ്പിക്കുന്നത് കടൽ തീരത്തേയ്ക്കാണ്. അവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് തീരത്ത് അടിഞ്ഞ് കൂടുന്നത്. വീടുകളിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ കൂടെയാകുമ്പോൾ തീരം ദുർഗന്ധപൂരിതമാകും. മുൻകാലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ ചാല് കീറി കടലിലേക്ക് ഒഴുക്കുമായിരുന്നു. അതല്ലെങ്കിൽ ഫയർഫോഴ്സ് ജീവനക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം നീക്കംചെയ്യും. എം.എൽ.എ വാങ്ങി നൽകിയ മോട്ടോറുകളാണ് ഇനി ഏക ആശ്രയം. എന്നാൽ കറണ്ട് പോകുന്നതിനാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും നാട്ടുകാർ പറയുന്നു. തീരത്ത് അടിഞ്ഞ് കൂടിയ മലിനജലവും മാലിന്യവും നീക്കം ചെയ്യുന്നതോടെപ്പം പകർച്ചവ്യാധി നിയന്ത്രണത്തിന് ആവശ്യമായ നടപടികളും അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.