വിതുര: മലയോര മേഖലയിൽ കനത്തമഴ തുടരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ആരംഭിച്ച ശക്തമായ മഴ ഇന്നലെയും തിമിർത്തു പെയ്തു. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും, കാറ്റും അനുഭവപ്പെട്ടു. പൊൻമുടി, ബോണക്കാട്, പേപ്പാറ വനാന്തരങ്ങളിൽ മഴ കോരിച്ചൊരിഞ്ഞതോടെ നദികളിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായി.
വാമനപുരം നദി നിറഞ്ഞൊഴുകയാണ്. മലവെള്ളപ്പാച്ചിലുണ്ടായതോടെ നദി മിക്കഭാഗങ്ങളിലും ഗതിമാറി ഒഴുകി. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. അനവധി വീടുകളിലും, കടകളിലും വെള്ളം കയറി. വാമനപുരം നദി നിറഞ്ഞൊഴുകിയതോടെ നദീ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞുവീണു.
വനത്തിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മരങ്ങളും, പാറകളും നദിയിലേക്ക് ഒഴുകിയെത്തി. വെള്ളപ്പാച്ചിലിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോകുകയും ചെയ്തു. നദിയുടെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്. ഇതിനിടയിൽ ഉരുൾപൊട്ടൽ വാർത്തയും പരന്നു. പേപ്പാറ ഡാമിലും ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. പൊൻമുടി റോഡിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിനിടിയിലാകുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മഴക്കാലത്ത് ഇൗ പാലങ്ങൾ വെള്ളത്തിൽ മുങ്ങുക പതിവാണ്. ആദിവാസി മേഖലകളിലേക്കുള്ള ചെറുപാലങ്ങളും വെള്ളത്തിനിടിയിലായതോടെ മിക്ക ആദിവാസി കോളനികളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെള്ളം കയറി കൃഷി നാശവുമുണ്ടായി. വാഴ,പച്ചക്കറി കൃഷികളാണ് കൂടുതൽ വെള്ളം കയറി നശിച്ചത്. ഒരാഴ്ച മുൻപ് പെയ്ത ശക്തമായ മഴയെ തുടർന്ന് കനത്ത കൃഷിനാശമുണ്ടായിരുന്നു. തോരാമഴ മൂലം മലയോരവാസികൾ ഭീതിയുടെ നിഴലിലാണ്.
സംസ്ഥാനപാതയിൽ വെള്ളക്കെട്ട്
കനത്തമഴയെ തുടർന്ന് പൊൻമുടി - തിരുവനന്തപുരം സംസ്ഥാന പാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളത്തിൽ മുങ്ങി. ഐ.എസ്.ആർ.ഒ ജംഗ്ഷൻ, മന്നൂർക്കോണം, ഇടനില, തൊളിക്കോട്, തോട്ടുമുക്ക്, പേരയത്തുപാറ, ചേന്നൻപാറ, വിതുര കലുങ്ക് ജംഗ്ഷൻ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ, ചിറ്റാർ, തേവിയോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപാന്തരപ്പെട്ടത്. ഇതോടെ നെടുമങ്ങാട് വിതുര റൂട്ടിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അശാസ്ത്രീയപരമായ ഒാട നിർമ്മാണവും, മിക്ക ഭാഗത്തും ഒാടകൾ നിർമ്മിക്കാത്തത് മൂലവുമാണ് വെള്ളക്കെട്ട് രൂപാന്തരപ്പെടാൻ കാരണം. മഴക്കാലത്ത് സംസ്ഥാനപാത വെള്ളത്തിൽ മുങ്ങുന്നത് പതിവായിട്ട് വർഷങ്ങളേറെയായി. പക്ഷേ ഇതിനൊരു പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കാറില്ല.