കല്ലമ്പലം: കരവാരം നെടുമ്പറമ്പ് കുന്നത്തുകോണം ഈഞ്ചവിള വീട്ടിൽ പ്രകാശിന്റെ വീട് കനത്തമഴയിൽ ഭാഗികമായി തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഭാര്യ ശാന്തിനി, മകൻ നെടുമ്പറമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി പ്രവീൺ, ശാന്തിനിയുടെ വൃദ്ധയായ മാതാപിതാക്കൾ എന്നിവരാണ് ഈ വീട്ടിലുള്ളത്. കൂലിപ്പണിക്കാരനായ പ്രകാശിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
വീടിന്റെ അവശേഷിക്കുന്ന ഭാഗവും തകർച്ചാഭീഷണിയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കുടുംബത്തെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റി താമസിപ്പിക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.