വർക്കല: ഇട വിട്ട് പെയ്യുന്ന മഴയെ തുടർന്ന് വർക്കലയിലും സമീപ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കനാൽ പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. ശക്തമായ തിരമാലകൾ വർക്കല തീരമേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇടവ - നടയറ കായലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാപ്പിൽ തീരത്തെ പൊഴി മുറിച്ചു. ഇടവ ഗ്രാമപഞ്ചായത്തും റവന്യു അധികൃതരുടെയും സാന്നിദ്ധ്യത്തിലാണ് പൊഴി മുറിക്കൽ നടപടികൾ ആരംഭിച്ചത്. കായലിലെ അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിനായി കാപ്പിൽ പൊഴി മുഖത്ത് അടിഞ്ഞുകൂടിയ മണൽ ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ
പത്ത് മണിയോടെ ആരംഭിച്ച പ്രവൃത്തികൾ ഏകദേശം 4 മണിക്കൂറോളം നീണ്ടുനിന്നു.
ഇടവ പഞ്ചായത്തിന് പുറമേ ഇലകമൺ പഞ്ചായത്തിലെ കായലോരങ്ങളിൽ കൃഷി സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് പറഞ്ഞു. വർക്കല താലൂക്ക്പരിധിയിൽ അഞ്ചു വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. വെട്ടൂർ വലയന്റെ കുഴി കൃഷ്ണൻ കുട്ടി, നാവായിക്കുളം കിഴക്കേപ്പു റം വാലുവിള വീട്ടിൽ ഗിരിജ,
ചെമ്മരുതി തോക്കാട് ലക്ഷംവീട് കോളനിയിൽ സജീവ്, പള്ളിക്കൽ പ്ലാച്ചിവിള ലക്ഷംവീട് കോളനിയിൽ ഓമന എന്നിവരുടെ വീടുകളാണ് തകർന്നത്.
കൂടാതെ ഒന്നാം പാലം, കുരയ്ക്കണ്ണി, മുണ്ടയിൽ, ചെറുകുന്നം ബി.എസ്.എൻ.എൽ ഓഫീസ് എന്നിവിടങ്ങളിൽ മരങ്ങൾ വീണു നാശനഷ്ടം സംഭവിച്ചു. വർക്കലയിലും സമീപ ഗ്രാമപഞ്ചായത്ത് മേഖലയിലും കൃഷിയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വെട്ടൂർ, അരിവാളം, ചിലക്കൂർ, വള്ളക്കടവ്, തൊട്ടി പാലം എന്നിവിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വർക്കല തീരമേഖലയിലെ കടൽക്ഷോഭം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾ നാമമാത്രമായിട്ടാണ് കടലിൽ പോയത്. വർക്കല നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇടവ, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, ഇലകമൺ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നെൽപ്പാടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ടി.എസ് കനാലിലെ ജലനിരപ്പ് ഉയർന്നു.