ambu

കിളിമാനൂർ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപമായിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി സുരേന്ദ്രൻ (57), ഡ്രൈവർ ദീപു (37), നഴ്സ് ജോളി ഫിലിപ്പ് (40) എന്നിവർക്കാണ് പരിക്കേറ്റത്.

പത്തനാപുരം ഗാന്ധിഭവനിൽ നിന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ വസ്തുവിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.