rajaji-boys

തിരുവനന്തപുരം: തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അയനി'ലെ 'പള പളക്കറ പകലാ നീ ' എന്ന ഗാനം പുനരാവിഷ്കരിച്ച് കൈയടി നേടിയ ചെങ്കൽച്ചൂള ബോയ്സിന്റെ പുതിയ വീഡിയോയും തരംഗമാകുന്നു. ‘ദളപതി‘ വിജയ്‌യുടെ ‘തെരി’ എന്ന ചിത്രത്തിലെ സംഘട്ടനരംഗം പുനരാവിഷ്കരിച്ചാണ് ഇവർ വീണ്ടും സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ ഇടിമിന്നലാകുന്നത്.

1,54,000 സബ്സ്ക്രൈബേഴ്‌സുള്ള 'ക്രിയേറ്റിവിറ്റി അറ്റ് ഇറ്റ്സ് പീക്ക് ' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ഇത്തരം 'റീ-ക്രിയേഷൻ' വീഡിയോസ് ഇവർ പോസ്റ്റ് ചെയ്യുന്നത്. കുട്ടികളെ ഭിക്ഷാടന മാഫിയയിൽ നിന്ന് വിജയ് രക്ഷപ്പെടുത്തുന്ന മാസ് സീനാണ് ഇവർ ഇത്തവണ റീക്രിയേറ്റ് ചെയ്തത്. സിനിമയിലെ അതേ സീക്വൻസുകളാണ് വീഡിയോയിലുമുള്ളത്. നടുറോഡിൽ നടക്കുന്ന സംഘട്ടനവും അവസാനത്തെ മാസ് ഡയലോഗിന് ശേഷമുള്ള ച്യൂയിംഗം ചവയ്ക്കലും ഒരുതരിപോലും മാറ്റമില്ലാതെയാണ് ഇവർ ഒരുക്കിയത്. ഒറിജിനലിനെ വെല്ലുവിധം പെർഫെക്ഷനുള്ള ഈ വീഡിയോ, വലിയ ട്രാഫിക്കുള്ള റോഡിൽ പൊതുജനത്തെ ബാധിക്കാത്ത രീതിയിൽ സ്മാർട്ട്ഫോണുപയോഗിച്ച് മാത്രം ചിത്രീകരിച്ച ഇവരുടെ കഴിവിന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.

വിജയ് കാണണം

പുതിയ വീഡിയോ വിജയ് കാണണമെന്നാണ് ഇവരുടെ ആഗ്രഹം. വീഡിയോയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച സംഘത്തിലെ എല്ലാവരും പ്ലസ് ടു പഠനം പൂർത്തിയാക്കിയവരാണ്. വൈകാതെ ചെങ്കൽച്ചൂള ബോയ്സിനെ ബിഗ് സ്‌ക്രീനിലും കാണാമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. കഴിവ് തെളിയിക്കാൻ പണമോ മറ്റാധുനിക സൗകര്യങ്ങളോ വേണ്ട എന്നതിന്റെ തെളിവാണ് ചെങ്കൽച്ചൂള ബോയ്സും അവരുടെ വിഡിയോകളും.

സൂര്യ അഭിനന്ദിച്ച വീ‌ഡിയോ

കഴിഞ്ഞ ജൂലായിലാണ് സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ഇവർ 'അയൻ- ട്രിബ്യുട്ട് വീഡിയോ' ചെയ്തത്. വെറുമൊരു മൊബൈൽ കാമറയിൽ ഒറിജിനലിനെ വെല്ലുംവിധം ഷൂട്ട് ചെയ്ത വീഡിയോയിൽ അഭി, സ്മിത്ത്, ജോബിൻ, സിബിൻ, അജയ്, ജോജി, കാർത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖിൽ എന്നിവരാണ് അഭിനയിച്ചത്.സൂര്യ തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ ഷെയർ ചെയ്യുകയും ശബ്ദസന്ദേശത്തിലൂടെ ഇവരെ അഭിനന്ദിച്ച് ഉടൻ കാണാമെന്ന ഉറപ്പും നൽകിയിരുന്നു.