കിളിമാനൂർ: രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ കിളിമാനൂർ, വെഞ്ഞാറമൂട് മേഖലയിൽ വൻ നാശം. നഗരൂർ പഞ്ചായത്തിലെ കോയിക്ക മൂലയിലെ സുഭദ്രാലയത്തിൽ രമണിയുടെ വീടിന്റെ ഭിത്തികൾ മഴയിൽ ഇടിഞ്ഞു വീണു. ചൂട്ടയിൽ മേലേക്കോണം മടത്തിൽ വീട്ടിൽ സത്യന്റെ വീടിന് മുകളിലൂടെ കൂറ്റൻ പ്ലാവ് വീണ് വീട് തകർന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പല വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിൽ ചാവേറ്റിക്കാട് ജംഗ്ഷനിന് സമീപത്തേ കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെടുകയും അഞ്ചോളം കുടുംബാംഗങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.
പുളിമാത്ത് പഞ്ചായത്തിൽ ഉദയംമുക്കിൽ ഓമനയുടെ വീട് തകർന്നു. ഓമന കടയിൽ പോയ സമയത്താണ് വീട് തകർന്നത്. അടയമൺ കയറ്റവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പ്രദേശത്തെ വയലുകൾ വെള്ളത്തിനടിയിലായി. വയലുകളിൽ കൊയ്യാൻ പാകത്തിൽ നെല്ലുകൾ വിളഞ്ഞു നിൽക്കുകയായിരുന്നു റബർ മരങ്ങളും പാഴ് മരങ്ങളും കടപുഴകി.
വാഴ, മരച്ചീനി തോട്ടങ്ങളും വെള്ളത്തിനടിയിലാണ്. ചിറ്റാർ വാമനപുരം നദികൾ കര കവിഞ്ഞ് ഒഴുകുകയാണ്. അടയമൺ ഏലാ, വെള്ളല്ലൂർ ഏലാ, കോട്ടയ്ക്കൽ ഏലാ, കീഴ്പേരൂർ എലാ, ഈഞ്ച മൂല എന്നിവ വെള്ളം കയറി കൃഷി പൂർണമായും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.
ചിറ്റാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. വാമനാപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ്. വാമനപുരത്ത് കളമച്ചലിൽ അജേഷിന്റെ വീടിന്റെ മതിൽ തോട്ടിലേക്ക് വീണ് നീരൊഴുക്ക് തടസപ്പെട്ടു. നെൽപാടത്തിൽ വെള്ളം കയറുകയും ചെയ്തു. മേലാറ്റുമുഴി കരിക്കുറ്റിക്കര കോളനി റോഡിലേക്ക് പുളിമരം വീണ് ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് മുക്കുന്നൂർ വാർഡിൽ മുളയർ വിളാകത്ത് വീട്ടിൽ അനിൽ കുമാറിന്റെ മൈലക്കുഴിയിലെ ഫാമിൽ വെള്ളം കയറി. മുപ്പതോളം പശുക്കളും ഇരുപത് ആടുകൾ മുപ്പതോളം താറാവുകളുമാണുണ്ടായിരുന്നു. താറാവുകൾ എല്ലാം ഒഴുകി പോയി.
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. വെമ്പായം മേനാംകോട്ടുകോണം ഷാജിത മൻസിലിൽ ഷെരീഫാബീവിയുടെ വീടും മഴയിൽ തകർന്നു.
ഓല മേഞ്ഞ വീടിന്റെ പിറകുവശം പൂർണമായും തകർന്നു. ബാക്കിയുള്ള ഭാഗം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഈ സമയം ഷെരീഫബീവിയും ചെറുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടപ്പോൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംസ്ഥാന പാതയിൽ ജില്ലാ അതിർത്തി വാഴോട് റോഡിൽ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. വാമനപുരം നദിയുടെ ഇരുകരയിലും ഉള്ളവരെ ഒഴിപ്പിച്ചു.
നെല്ലനാട് ക്യാമ്പ് ആരംഭിച്ചു
ശക്തമായ മഴയും വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനായി നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ പ്രീമെട്രിക് ഹോസ്റ്റലിൽ സൗകര്യം ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സജീന, വാർഡംഗങ്ങളായ ബി.കെ. ഹരി, ബാബു മാണിക്യ മംഗലം എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിച്ചു. പഞ്ചായത്തിലെ മണ്ണടിക്കടവിൽ വെള്ളം ഉയർന്ന് നെല്ലനാട് ഏലാ വെള്ളത്തിൽ മുങ്ങുകയും കൃഷി നശിക്കുകയും ചെയ്തു. മക്കാംകോണത്ത് ഭഗവതികോണം ചിറയ്ക്ക് സമീപം വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ളവരെ ക്യാമ്പിലേക്ക് മാറ്റും.