പാലോട്:ആദിവാസി ഊരുകളായ വിട്ടിക്കാവ്, കിടാരക്കുഴി എന്നിവിടങ്ങളിലെ ഇരുന്നൂറിലധികം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ ഇടിഞ്ഞാർ വിട്ടിക്കാവ് പാലം മന്ത്രി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നേകാൽ കോടിക്കാണ് പാലം നിർമ്മാണം പൂർത്തിയായത്. മൂന്നു പില്ലറുകളിലായി 14 അടി നീളത്തിലും 10 അടി വീതിയിലുമാണ് പുതിയ പാലം. മുപ്പത്തി അഞ്ചു ലക്ഷം ചെലവഴിച്ച് അപ്രോച്ച് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. വെള്ളപൊക്ക ഭീതിയിലുള്ള കാട്ടാറിലൂടെ ഏറെ അപകട ഭീതിയിലാണ് കുട്ടികൾ അടക്കം പുറം ലോകത്ത് എത്തിയിരുന്നത്. ഇവിടത്തെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായ ഇടിഞ്ഞാർ ഹൈസ്കൂളിൽ വിട്ടിക്കാവ് പ്രദേശത്തുള്ള കുട്ടികൾ എത്തിയിരുന്നതും ഈ കാട്ടാർ കടന്നാണ്.പതിറ്റാണ്ടുകളായുള്ള ആദിവാസി സമൂഹത്തിന്റെ സ്വപ്നമാണ് ഇടിഞ്ഞാർ വിട്ടിക്കാവ് പാലം തുറന്നതോടെ സാക്ഷാത്കാരമാകുന്നത്.