l

കടയ്ക്കാവൂർ: പഞ്ചായത്ത് റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ അഞ്ചുതെങ്ങ് പഴയനട ശിവക്ഷേത്രത്തിൽ വെള്ളക്കെട്ട്. ക്ഷേത്രപരിസരത്തും ആൽത്തറകളുടെ മുന്നിലുമാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇതിൽ ചെളിയും നിറഞ്ഞതോടെ മലിനീകരണ ഭീഷണിയും ഉയരുന്നു. ഈ സ്ഥിതി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇനിയും പരിഹാരമൊരുങ്ങിയിട്ടില്ല.

പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിട്ടി അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും അവർ കേട്ടഭാവം നടിക്കുന്നില്ല. ഒടുവിൽ സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര വാട്സാപ് നമ്പരിൽ വിവരം അറിയിച്ചെങ്കിലും അതും പ്രയോജനപ്പെട്ടില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയസിംഹൻ, ജനറൽ സെക്രട്ടറി വിശാഖ് എന്നിവർ പറഞ്ഞു.