നെയ്യാറ്റിൻകര: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നെയ്യാറ്റിൻകരയിലേയും സമീപ പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി. നെയ്യാറിന്റെ പല ഭാഗങ്ങളിലും കരയ്ക്കൊപ്പമാണ് ജലനിരപ്പ്. കനാലുകളും തോടുകളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
നഗരസഭാ പരിധിയിലെ കണ്ണംകുഴി, രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല ഏലാകളിൽ വൻ കൃഷിനാശമുണ്ടായി. വാഴ, പച്ചക്കറി, മരച്ചീനി എന്നിവ കൃഷിചെയ്യുന്ന സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ആറാലുംമൂട് എസ്.എൻ.ഡി.പി യോഗം ഓഫീസിന് സമീപത്തെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര മരംവീണ് തകർന്നു. മൂന്നുകല്ലിൻമൂട് റോഡിന് സമീപം മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഒരു വീടിന്റെ കോൺക്രീറ്റ് കാർപോർച്ച് ഒരുവശം ചരിഞ്ഞു. ആനാവൂരിൽ ഒരു വീട് ഭാഗീകമായി തകർന്നതിനെ തുടർന്ന് നെയ്യാറ്രിൻകര തഹസിൽദാരുടെ നേതൃത്വത്തിൽ വീട്ടിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നെയ്യാറ്റിൻകര ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇനിയും ഉയർത്താൻ സാദ്ധ്യതയുളളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.