കാട്ടാക്കട:ഇത് കാട്ടാക്കട താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലേയ്ക്കുള്ള റോഡ്. വിവിധ ആവശ്യങ്ങൾക്കായി ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മഴ ശക്തമായതോടെ റോഡ് പോളിഞ്ഞ് ചെളിക്കളമായി മാറി. ഇപ്പോൾ കാൽ നടയാത്രപോലും ദുഷ്ക്കരമാകും വിധം വെള്ളം കെട്ടിക്കിടക്കുകയാണ്.
താലൂക്കോഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സിവിൽ സപ്ലൈസ് ഓഫീസ്, എംപ്ലോയ്മെന്റ് എക്സേഞ്ച് തുടങ്ങി നിരവധി ഗവ.ഓഫീസുകളാണ് കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഈ റോഡ് കൂടാതെ മാർക്കറ്റിനുള്ളിലൂടെ സിവിൽ സ്റ്റേഷനിൽ എത്താൻ റോഡുണ്ടെങ്കിലും ഈ റോഡും കാൽനടയാത്രയ്ക്ക്പോലും സാദ്ധ്യമല്ലാതായിരിക്കുകയാണ്. കാട്ടാക്കടയിലുള്ള ഗവ.ഓഫീസുകൾ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലേയ്ക്കിപ്പോൾ നടന്നും വാഹനത്തിലും എത്താനാകില്ല. ഇവിടെയ്ക്ക് ഓട്ടം പോകാൻ ടാക്സികളും ഓട്ടോ റിക്ഷകളും പോലും വിസമ്മതിക്കുന്നു.
ഒരേസമയം നൂറുകണക്കിനാളുകള്‍ ഒത്തുചേരുന്ന സിവിൽ സ്റ്റേഷനിൽ ഒരു അത്യാഹിതം ഉണ്ടായാൽ ഫയർഫോഴ്സിന്‍ പോലും എത്തിച്ചേരാൻ പ്രയാസമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് സിവിൽ സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തുടർച്ചയായി ശക്തമായ മഴയത്ത് റോഡ് വെള്ളം കയറി കിടക്കുകയാണ്. റോഡ് ടാറിംഗ് നടത്തിയില്ലെങ്കിലും ഇപ്പോൾ പേരിനുപോലും ടാറില്ലാത്ത കാട്ടുപാതപോലെയായി.
കാട്ടാക്കട സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ട് ഒരുവർഷത്തിലെറെയായി. കഷ്ടിച്ച് രണ്ട് വാഹനം കടന്നുപോകാൻ തക്ക വീതിയുള്ള തോട് വരമ്പ് റോഡാക്കുകയായിരുന്നു. ഇതുകാരണം പലപ്പോഴും ഗതാഗതകും ഇവിടെ പതിവാണ്. സിവിൽ സ്റ്റേഷനിലേക്ക് പബ്ലിക്ക് മാർക്കറ്റിനുള്ളിലൂടെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.