കാട്ടാക്കട:നെയ്യാർ-അഗസ്ത്യാർ വനമേഖലകളിലെ ആദിവാസി ഊരുകൾ കനത്ത മഴയിൽ ഒറ്റപ്പെട്ടു. ചെറിയ അരുവികളെല്ലാം കരകവിഞ്ഞ് ഒഴുകുന്നതിനാൽ ഊരുകളിലേക്കുള്ള റോഡുകളിലെല്ലാം കനത്തവെള്ളക്കെട്ടാണ്. ഇതോടെ ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. വനമേഖലയ്ക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കും ഫോറസ്റ്റ് അധികൃതർ നിയന്ത്രണമേർപ്പെടുത്തി.

ഇതിനിടെ കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കതിരുമുട്ടി നെല്ലിമുട്ടിപ്പാറയിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. ഉൾവന മേഖലയായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വനമേഖലകളിൽ കനത്ത മഴപെയ്യുന്നതിനാൽ നെയ്യാർഡാമിന്റെയും പേപ്പാറ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി. ഇതോടെ നെയ്യാറും കരമനയാറും നിറഞ്ഞൊഴുകുകയാണ്.

നെയ്യാർഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴതുടരുകയാണെന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതായും നെയ്യാർഡാം ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.