പാലോട്: ശക്തമായ മഴ തുടരുന്നതിനാൽ പാലോട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. കുറുപുഴ, ഇളവട്ടം, പ്ലാവറ, പച്ച, പയറ്റടി പുലിയൂർ, പൊട്ടൻചിറ, കരിമ്പിൻകാല എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പെരിങ്ങമ്മല ,ഇടിഞ്ഞാർ, മങ്കയം, ബ്രൈമൂർ, ഫാം ജംഗ്ഷൻ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്. ചെറ്റച്ചൽ സൂര്യകാന്തി റോഡ് പൂർണമായും വെള്ളത്തിലായി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ശക്തമാണ്. നദികളിൽ ജലനിരപ്പ് കൂടുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള എല്ലാ സൗകരങ്ങളും ഒരുക്കിയതായി പാലോട് പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ് അറിയിച്ചു.