p-n-panikkar-foundation

തിരുവനന്തപുരം: വർത്തമാനകാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം അനിവാര്യമാണെന്നും ഓൺലൈൻ പരിജ്ഞാനം ഉണ്ടെങ്കിൽ മാത്രമേ ഇക്കാലത്ത് സർക്കാർ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭ്യമാകൂവെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴുവർഷമായി സംസ്ഥാനത്ത് നടന്നുവരുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി വിദ്യാരംഭ ദിനത്തിൽ കുട്ടികൾ മുതിർന്നവർക്ക് ഡിജിറ്റൽ വിദ്യാരംഭം നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഗ്രേഷ്യസ് ബെഞ്ചമിന്റെ ' നിങ്ങൾക്കും ഒന്നാമനാകാം' എന്ന 216ാമത് പുസ്തകം പന്ന്യൻ രവീന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്‌തു. ഫൗണ്ടേഷന്റെ ' സ്‌കിൽ ഡെവലപ്മെന്റ് ഫോർ എംപ്ലോയബിലിറ്റി ' എന്ന പദ്ധതിയുടെ പരിശീലന പരിപാടികളും ആരംഭിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഫൗണ്ടേഷൻ ബോർഡംഗം പാലോട് രവി, വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.