photo

നെടുമങ്ങാട്:ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ പെരുമഴയിൽ നെടുമങ്ങാട് താലൂക്കിൽ പരക്കെ മണ്ണിടിച്ചിൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശവുമുണ്ട്.മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നിരവധി വീടുകൾ ഭാഗികമായി തകർന്നു.വാമനപുരം,കിള്ളിയാർ,കരമന,ചിറ്റാർ നദികളും പ്രധാന കൈത്തോടുകളും കരകവിഞ്ഞൊഴുകുകയാണ്. വട്ടപ്പാറ,അരുവിക്കര,ആനാട്,നന്ദിയോട്,പനവൂർ വില്ലേജുകളിലാണ് വീടുകൾ തകർന്നത്.വഞ്ചുവത്ത് കുട്ടപ്പന്റെ വീട് മണ്ണിടിച്ചിലിൽ പൂർണമായി തകർന്നു.കുടുംബാംഗങ്ങളെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിപാർപ്പിച്ചു.വട്ടപ്പാറ പ്ലാത്തറ തുമ്പിച്ചാണി ഷിനു ഭവനിൽ കൃഷ്ണൻകുട്ടിയുടെ ഇരുനില വീടിന്റെ മുൻവശം വൻതോതിൽ ഇടിഞ്ഞു താഴ്ന്നു.വീടിന്റെ സിറ്റ്ഔട്ടും കാർ പോർച്ചും ഉൾപ്പെടെ തകർന്നു. തൊട്ടടുത്തുള്ള ദേവസ്യയുടെ വീടും മണ്ണിടിച്ചിൽ ഭീതിയിലാണ്.അരുവിക്കര ഇറയംകോട്ടും ആനാട് പെരിങ്ങാവൂരിലും സമാനമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു.നെടുമങ്ങാട് കാക്കത്തോട്ടിലും പരിയാരം ജലധാരാ തോട്ടിലും കുത്തൊഴുക്കിൽ സംരക്ഷണ ഭിത്തികൾ ഒലിച്ചുപോയി.പൂവത്തൂർ, പരിയാരം, തോട്ടുമുക്ക്, നെട്ടിറച്ചിറ, കല്ലിംഗൽ, മുക്കോലയ്ക്കൽ പ്രദേശങ്ങളിൽ വാഴകൃഷിയും പച്ചക്കറി വിളകളും വെള്ളത്തിലായി.ശനിയാഴ്ച പുലർച്ചെ ആരംഭിച്ച കനത്തമഴ രാത്രിയിലും തുടരുന്നത് മലയോരവാസികളെ ആശങ്കപ്പെടുത്തുകയാണ്. പാലോട്, വിതുര ഭാഗങ്ങളിൽ ആറിന്റെ തീരത്ത് താമസിക്കുന്നവരെയും കടകൾ നടത്തുന്നവരെയും റവന്യു വകുപ്പിന്റെ നിർദേശപ്രകാരം തദ്ദേശ പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്.താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾറൂം പ്രവർത്തിക്കുമെന്ന് തഹസിൽദാർ ജെ.എൽ. അരുൺ അറിയിച്ചു.

ഡാമുകൾ തുറന്നു

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 70 സെ.മീറ്ററും നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 600 സെ.മീറ്ററും ഉയർത്തി. തീരവാസികൾ ജാഗ്രത പുലർത്തണമെന്നും വെള്ള കെട്ടുകളിലും നദികളിലും ഒരു കാരണവശാലും ഇറങ്ങാൻ പാടില്ലെന്നും വൈദ്യുതി കമ്പികൾ പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9496010101, 0471- 2551399 എന്നീ നമ്പരുകളിൽ അറിയിക്കണമെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 390 സെ.മീറ്റർ ഉയർത്തിയതായും സമീപ വാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.