തിരുവനന്തപുരം:ഇടമുറിയാതെ പെയ്ത കനത്ത മഴയിൽ നഗരം മുങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ ഉച്ചവരെ തുടർന്നതാണ് നഗരത്തെ വലച്ചത്. പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, പ്രസ് ക്ലബ് പരിസരം, തമ്പാനൂർ, കിഴക്കേകോട്ട, അട്ടക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. 28.01 മില്ലിമീറ്റർ മഴയാണ് ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്.
കരമനയാറും കിള്ളിയാറും കരകവിഞ്ഞു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി. ഓടകൾ അടഞ്ഞതും വെള്ളക്കെട്ട് രൂക്ഷമാക്കി. പലയിടത്തും ഫയർഫോഴ്സെത്തി വെള്ളം പമ്പ് ചെയ്‌ത് കളയുകയായിരുന്നു. മുക്കോലയിലും എ.കെ.ജി സെന്ററിനു സമീപത്തും മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രണ്ടുദിവസം കൂടി ജില്ലയിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഓടകൾ നിറഞ്ഞു, ജനം ദുരിതത്തിൽ
ഓടകൾ നിറഞ്ഞതാണ് നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമായതിനുള്ള പ്രധാന കാരണം. വെള്ളക്കെട്ടിനെ പ്രതിരോധിക്കാനുള്ള നടപടികൾ ചെയ്തെന്ന് നഗരസഭ വാദിക്കുമ്പോഴും വർഷങ്ങളായി അനന്തപുരിയെ വലയ്ക്കുന്ന പ്രശ്നത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. 1000ൽപ്പരം ഓടകളാണ് നഗരത്തിലുള്ളത്.
ഇവയിൽ അടിയുന്ന മണ്ണും മാലിന്യവുമാണ് ചെറിയ മഴയിൽപ്പോലും നഗരത്തെ മുക്കുന്നത്. ഓടകളിൽ നിന്ന് നീക്കംചെയ്യുന്ന മാലിന്യം അതിന് സമീപത്തു തന്നെയാണ് ഇപ്പോഴും നിക്ഷേപിക്കുന്നത്. ഇത് മഴസമയത്ത് തിരികെ ഓടകളിലേക്കുതന്നെ ഇറങ്ങും. ഇതാണ് നീരൊഴുക്ക് നിലയ്ക്കുന്നതിനും വെള്ളക്കെട്ട് രൂക്ഷമാകുന്നതിനും കാരണം. വർഷങ്ങളായി തലസ്ഥാനം നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയ്ക്ക് സാധിക്കാതായതോടെ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ.