കുളത്തൂർ: പള്ളിത്തുറ പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പൂന്തുറ സ്വദേശികളായ സ്റ്റെജിൻ (20), പ്രവീൺ (22) എന്നിവർ മരിച്ചു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഫുട്‌ബാൾ മാച്ചിന്റെ പരിശീലനം കഴിഞ്ഞ് മേനംകുളം കിൻഫ്രയിലെ കമ്പനിയിൽ ജേഴ്സി പ്രിന്റ് ചെയ്യാൻ നൽകിയ ശേഷം പൂന്തുറയിലേക്ക് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി മടങ്ങിയ ആറംഗസംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. യുവാക്കൾ സഞ്ചരിച്ച ഡിയോ സ്കൂട്ടർ എതിരെ വന്ന ഇന്നോവ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാക്കൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ശെൽവരാജ്, പുനിത ദമ്പതികളുടെ മകനാണ് സ്റ്റെജിൻ. രണ്ടു സഹോദരിമാർ ഉണ്ട്. പൂന്തുറ, ടി.സി 69\1520 മണപ്പുറം ഹൗസിൽ ഫ്രെഡിയുടെയും ലൂസിയുടെയും മകനാണ് പ്രവീൺ. ഒരു സഹോദരിയുണ്ട്.