പശുക്കൾ ചത്തത് അന്വേഷിക്കണമെന്ന് മന്ത്രി
നെടുമങ്ങാട്: പൂവത്തൂർ ഇന്റിമസി ആയുർവേദ കേന്ദ്രത്തിലെ അഞ്ച് പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് മന്ത്രി ജി.ആർ. അനിൽ.
ഇന്റിമസി കേന്ദ്രം സന്ദർശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഒരാഴ്ച മുമ്പ് ഒരു ലക്ഷം രൂപ വിലവരുന്ന പശുവാണ് ആദ്യം ചത്തത്. തുടർന്നുള്ള ദിവസങ്ങളിൽ നാല് പശുക്കുട്ടികളും ചത്തു. ആദ്യത്തെ സംഭവം മൃഗാശുപത്രിയിൽ അറിയിച്ചെങ്കിലും ഡോക്ടർ ഗൗരവത്തോടെ പരിശോധിച്ചില്ലെന്ന് കേന്ദ്രം ഡയറക്ടർ യോഗി ശിവൻ മന്ത്രിയോട് പറഞ്ഞു.
കുളമ്പുരോഗമാണ് പശുക്കളുടെ മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒടുവിൽ ചത്ത പശുക്കുട്ടിയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്താൻ പാലോട് വൈറോളജി ലാബിന് കൈമാറിയിട്ടുണ്ട്. 9 പശുക്കൾ കൂടി ഈ ഫാമിലുണ്ട്. ഇവയെ സംരക്ഷിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രി വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു.