തിരുവനന്തപുരം: കെട്ടിടനികുതി തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്ന നഗരഭരണം വികസന സ്തംഭനവും അഴിമതിയും മാത്രമാണ് ജനങ്ങൾക്ക് സമ്മാനിച്ചതെന്ന് മുൻ എം.എൽ.എ വി.എസ്. ശിവകുമാർ പറഞ്ഞു.
നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5 കോടി 64 ലക്ഷം രൂപ ചെലവാക്കി അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഒരു വർഷം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും നാളിതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്ത രീതിയിലുള്ള നിർമ്മാണമാണ് കാരണമെന്നിരിക്കെ അതിലും അഴിമതിയാണ് തെളിയുന്നതെന്ന് ശിവകുമാർ പറഞ്ഞു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ. വേണുഗോപാൽ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരിപുഷ്പം, ഡി.സി.സി ഭാരവാഹികളായ പാളയം ഉദയകുമാർ, വിനോദ് സെൻ, ശ്രീകണ്ഠൻ നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ, മുൻ കൗൺസിലർ ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.