കോവളം: തോരാമഴയിൽ തീരദേശമേഖലയിലും കനത്തനാശം. താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. അടിമലത്തുറ, അമ്പലത്തുംമൂല തീരങ്ങളിലാണ് വെള്ളക്കെട്ട് രൂപംകൊണ്ടത്. നിരവധി വീടുകളിലും വെള്ളംകയറി. അടിമലത്തുറ സ്വദേശി ജാനി പത്രോസിന്റെയും കോവളം മുസ്ലിം കോളനിയിൽ മൻസൂറിന്റെയും വീടുകൾ മഴയിൽ തകർന്നു. വിഴിഞ്ഞം സ്വദേശി മാഹീന്റെ വീടിന് മുന്നിലേക്ക് സമീപത്തെ കുന്നിടിഞ്ഞ് വീണു. ആഴാകുളം സ്വദേശി മോഹനന്റെ വീടിന് സമീപത്തെ മതിലിടിഞ്ഞുവീണ് കേടുപാടുണ്ടായി.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പമ്പുകൾ ഉപയോഗിച്ച് വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വിഴിഞ്ഞം ഹാർബറിൽ ചേരി നിർമ്മാർജനത്തിന്റെ ഭാഗമായി നിർമ്മിച്ച ഫ്ളാറ്റിലെ സെപ്ടിക് ടാങ്കും മഴയിൽ തകർന്നു. വിഴിഞ്ഞം സ്വദേശി ഷാജഹാന്റെ ഫ്ളാറ്റിലെ ടാങ്കാണ് ഇന്നലെ രാവിലെ പത്തുമണിയോടെ ഇടിഞ്ഞുതാഴ്ന്നത്. ശക്തമായ മഴ കർഷകരെയും ദുരിതത്തിലാക്കി. വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ മേഖലകളിലെ നിരവധി ഏലാകൾ വെള്ളത്തിനടിയിലായി. പല സ്ഥലത്തും കെട്ടിനിൽക്കുന്ന വെള്ളം തുറന്നുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നത് തടസമാകുന്നുണ്ട്.