വെമ്പായം:മുൻ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവും കേരള സ്പോർട്സ് ക്ലബ് സ്ഥാപകനുമായിരുന്ന എൻ.എൻ.കുഞ്ഞുകൃഷ്ണപിള്ളയുടെ 20-ാം ചരമ വാർഷികവും 85-ാം ജന്മവാർഷികവും വിവിധ പരിപാടികളോടെ എൻ.എൻ പഠന ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു.പുതിയ ടെയിലറിംഗ്, ബ്യൂട്ടീഷ്യൻ കോഴ്സുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാകുമാരി ഉദ്ഘാടനം ചെയ്തു.കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ:രമ്യ ബി.ആർ, ഡോ:രാജീവ് ആർ.ആർ,ഡോ.അജിത എന്നിവരെയും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗ്രന്ഥശാലാ അംഗങ്ങളെയും പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു.എൻ.എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിജയകരമായി തൊഴിൽ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ജൻ ശിക്ഷൺ സൻസ്ഥാൻ തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ കെ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ,ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ എന്നിവർ സംസാരിച്ചു.കെ.സി സാജു സ്വാഗതവും ശ്രീജാകുമാരി നന്ദിയും പറഞ്ഞു.ഇന്ന് രാവിലെ 8ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.വൈകിട്ട് 6ന് 'പൊതുപ്രവർത്തനത്തിലെ ധാർമ്മികത' എന്ന വിഷയത്തെ അധികരിച്ച് പിരപ്പൻകോട് അശോകന്റെ പ്രഭാഷണവും നവംബർ ഒന്നിന് 'മലയാണ്മ' എന്ന വിഷയത്തിൽ മലയാളം മിഷൻ ഭാഷാ വിഭാഗം മേധാവി ഡോക്ടർ എം.ടി. ശശിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും.