കല്ലമ്പലം: ആഴാംകോണം - കവലയൂർ റോഡിൽ മണമ്പൂർ ഗവ. യു.പി സ്കൂളിനു സമീപത്തെ വെള്ളക്കെട്ട് വാഹനങ്ങളേയും കാൽനടയാത്രികരേയും ഒരുപോലെ വലയ്ക്കുന്നു. പ്രശ്നപരിഹാരം വേണമമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഉറപ്പിന് ഈ വെള്ളക്കെട്ടിലെ ഓളത്തിന്റെ ദൈർഘ്യം പോലുമില്ല. മഴപെയ്താൽ ഈ ഭാഗം മുറിച്ചുകടക്കുന്നതിന് വള്ളം വേണമെന്ന അവസ്ഥയാണ്. പലതവണ റോഡിന്റെ നവീകരണം നടത്തിയെങ്കിലും ഓട നിർമ്മിക്കാൻ തയ്യാറാകാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം.
അശാസ്ത്രീയമായ റോഡ് നിർമ്മാണം കൂടിയായപ്പോൾ വെള്ളം ഒഴുകി നീങ്ങാതെ കെട്ടിനിൽക്കുകയാണ്. സ്കൂൾ പരിസരമായതിനാൽ റോഡിൽ രണ്ട് ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം പൊങ്ങിക്കഴിഞ്ഞാൽ ഇവ തിരിച്ചറിയാൻ സാധിക്കില്ല. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കെട്ടിനിൽക്കുന്ന വെള്ളം റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. വീട്ടിലേക്ക് കടക്കണമെങ്കിൽ ഇത് കോരിമാറ്റേണ്ട ഗതികേടിലാണ് പൊതുജനം. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കാനായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പലതവണ പി.ഡബ്ല്യു.ഡി ഓഫീസിൽ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
വിദ്യാർത്ഥികൾക്കും ഭീഷണി
നിലവിൽ സ്കൂളുകൾ പ്രവർത്തിക്കാത്തത് മാത്രമാണ് ഏക ആശ്വാസം. പ്രവൃത്തി ദിവസങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഈ വെള്ളക്കെട്ടിലൂടെ സ്കൂളിലേക്ക് എത്തിയിരുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. ഇത് പലപ്പോഴും വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമാകുന്നു. കഴിഞ്ഞദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ഒരു കാർ അരമണിക്കൂറോളം തടഞ്ഞിട്ടിരുന്നു. മറ്ര് യാത്രക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
തിരക്കേറിയ പാത
ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഇതുവഴി വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ, ഗവ.ആശുപത്രി, ബാങ്കുകൾ, ചന്ത എന്നിവിടങ്ങളിലേക്ക് പോകാൻ ജനം ആശ്രയിക്കുന്നത് ഈ റോഡാണ്. കൂടാതെ അന്താരാഷ്‌ട്ര നിലവാരമുള്ള നീന്തൽക്കുളം, പൊലീസ് സ്റ്റേഷൻ, കോളേജ് എന്നിവയും ഇതിനടുത്താണ്.
"ആഴാംകോണത്തെ വെള്ളക്കെട്ട് നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ അവസ്ഥയും ഭൂഘടനയും വച്ചു നോക്കുമ്പോൾ ഇതിന് വേഗത്തിൽ പരിഹാരം കാണുക അസാദ്ധ്യമാണെന്നാണ് അധികൃതരുടെ മറുപടി. എന്നിരുന്നാലും വിദഗ്ദ്ധരുമായി ആലോചിച്ച് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കണം."
ശശി.കെ വെട്ടൂർ
(ഐ.എസ്.ആർ.ഒ റിട്ട. സയന്റിസ്റ്റ്)