കുറ്റിച്ചൽ: കോട്ടൂർ കാപ്പുകാടിനു സമീപം പാലമൂട് വെള്ളകുഴി ഭാഗത്ത് കാട്ടാനകൂട്ടം പ്രദേശവാസികൾക്ക് ഭീതി പരത്തുന്നു. കാട്ടാനകൾ ഈ പ്രദേശത്ത് ഇറങ്ങുന്നതുകാരണം പ്രദേശവാസികളും കാപ്പുകാട്ടെ നിർമ്മാണം തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്. പരാതിയെ തുടർന്ന് വനം വകുപ്പ് ആർ.ആർ.ടി സംഘം പടക്കം പൊട്ടിച്ച് ആനകളെ തുരത്തി. കുട്ടിയാനയുമായി ഏഴോളം ആനകളാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. ഒരാഴ്ച മുൻപും ആനകളെ കണ്ടെങ്കിലും പിന്നീട് കണ്ടിരുന്നില്ല. തുടർന്ന് ശനിയാഴ്ചയും ഇവ തിരിച്ചെത്തി. ഇവിടെ മുൻപ് കിടങ്ങുകൾ ഉണ്ടായിരുന്നെങ്കിലും ആനപാർക്കിന്റെ നിർമ്മാണം ഈ ഭാഗത്തുകൂടെ നടക്കുന്നതിനാൽ ഇവ മൂടി പോയ സ്ഥിതിയാണ്.
റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടി വച്ചും പടക്കം പൊട്ടിച്ചുമാണ് സംഘം രാത്രിയോടെ ആനകളെ തുരത്തിയത്. പ്രദേശത്ത് കിടങ്ങുകളോ മറ്റു സുരക്ഷിത സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഇനിയും കാട്ടാനകൾ എത്തുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാർ.