ആര്യനാട്: മീനാങ്കൽ-കീഴ്പാലൂർ പാലത്തിന്റെ സൈഡ് വാൾ തകർന്നു. പാലം നിർമ്മിച്ചിട്ട് അൻപത് വർഷമായിട്ടും യാതൊരു വിധ അറ്റകുറ്റപ്പണിയും നടത്താത്തതാണ് പാലത്തിന്റെ ബലക്ഷയത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പാലത്തിന്റെ ഇരുവശങ്ങളും വിണ്ട് കീറി കോൺക്രീറ്റ് പാളികൾ ഇളകി കമ്പി പുറത്തായെങ്കിലും ബന്ധപ്പെട്ട അധികാരികൾക്ക് യാതോരു അനക്കവുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്കൂൾ തുറക്കുന്നതോടെ ഇതുവഴിയുള്ള യാത്രയ്ക്കും തിരക്ക് കൂടും. നിരവധി വിദ്യാർത്ഥികളാണ് ഈവഴി യാത്രചെയ്യുന്നത്. വിവിധ പ്രദേശങ്ങളിലെ സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളുമാണ് ഇതുവഴി പോകുന്നത്. പാലത്തിന് വെല്ലുവിളിയായി അമിതഭാരം കയറ്റിയ ലോറികളും ഈ വഴി കടന്നുപോകുന്നുണ്ട്.
പ്രധാനടൂറിസ്റ്റ് കേന്ദ്രമായ പേപ്പാറയിൽ എളുപ്പത്തിലെത്താൻ കഴിയുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ തകർച്ചയെപ്പറ്റി മുഖ്യമന്ത്രിയ്ക്കുൾപ്പടെ നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡിന്റെ സൈഡ് വാൾ തകർന്നതുകാരണം പാലത്തിന് സമീപം വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ശ്രദ്ധിക്കാതെ വാഹനമോടിച്ചത്തിയാൽ ഈ കുഴിയിൽ വീണ് വലിയ അപകടമുണ്ടാകാനും സാദ്ധ്യതയുണ്ട്.
***ആഴ്ചകളായി പാലത്തിന് സമീപത്ത് സൈഡ് വാൾ തകർന്നിട്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അടിയന്തരമായി പാലത്തിന്റെ അപകടസ്ഥിതി ഒഴിവാക്കിയാത്രക്കാർക്ക് ഭീതിയില്ലാതെ സഞ്ചരിക്കാനുള്ള നടപടി സ്വീകരിക്കണം.
വി.പി.സജികുമാർ,കീഴ്പാലൂർ നാഷണൽ ലൈബ്രറി ഭാരവാഹി.