അടിയന്തര സാഹചര്യം നേരിടാൻ നഗരസഭ സജ്ജം
തിരുവനന്തപുരം: ശക്തമായ മഴയിൽ നഗരത്തിലെ 26 വാർഡുകളിൽ വെള്ളം കയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെയാണ് വെള്ളം കൂടുതലായി ഒഴുകിയെത്തിയത്. ഇതോടെ കരമനയാർ കരകവിഞ്ഞൊഴുകി. കിള്ളിയാറും നിറഞ്ഞൊഴുകിയതോടെ തീരങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജഗതി, തൃക്കണ്ണാപുരം, കുന്നുകുഴി, നെടുങ്കാട്, കരമന, കാലടി, മുടവൻമുകൾ, മരുതംകുഴി, പേട്ട ഈശാലയം, ഈന്തിവിളാകം, നീലാറ്റിൻകര, കമലേശ്വരം, കുരുക്കുവിളാകം, ബണ്ട് റോഡ്, കുടപ്പനക്കുന്ന് പരിധിയിൽ വരുന്ന വയലിക്കട, ചൂഴമ്പാല, കടകംപള്ളി ഹൈവേയുടെ ഇരുവശങ്ങളും, ആറ്റുകാൽ ക്ഷേത്ര പരിസരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ, കണ്ണമ്മൂല റോഡ്, ഒരുവാതിൽകോട്ട ലോർഡ്സ് ഹോസ്പിറ്റലിന് സമീപം, കരിക്കകം ക്ഷേത്രത്തിന് സമീപം, പേരൂർക്കട ഇടക്കുളം, എസ്.ബി.ഐ ക്വാർട്ടേഴ്സിന് സമീപം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. കുന്നുകുഴിക്ക് സമീപം അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. വെള്ളം വലിയ രീതിയിൽ കയറാൻ സാദ്ധ്യതയുള്ള ജഗതി, കരമനയാറിന്റെ തീരത്തുള്ളവർക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ നഗരസഭ സജ്ജം
മഴക്കെടുതിയുമായി ബന്ധപ്പെട്ട് നഗരസഭയിലെ എല്ലാ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാണ്. മുഴുവൻ സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും. ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ സേവനങ്ങളും ഇതോടൊപ്പം ഏകോപിപ്പിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകൾ കേന്ദ്രീകരിച്ച് 100 പേരടങ്ങുന്ന ടീം പ്രവർത്തിക്കും. റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളും 24 മണിക്കൂറും പ്രവർത്തനത്തിന് സജ്ജമാണ്. പ്രശ്നങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കണട്രോൾ റൂമിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കണമെന്ന് നഗരസഭാ കൗൺസിലർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരസഭ കൺട്രോൾ റൂം നമ്പർ.
04712377702
04712377706