തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നേമം പൊലീസ് അറസ്റ്റുചെയ്‌ത നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിതയെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതുസംബന്ധിച്ച് അപേക്ഷ പൊലീസ് നൽകി.
റിമാൻഡിലായ സുനിതയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. ബാങ്കിൽ പണം അടയ്ക്കേണ്ടയാൾ അല്ലാതെ ആർക്കൊക്കെ പണം അടയ്ക്കാൻ കൊടുത്തിട്ടുണ്ടെന്നും ബാങ്കിലെ വ്യാജ കൗണ്ടർ ഫോയിൽ ഉണ്ടാക്കിയ രീതി എങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. വ്യാജ കൗണ്ടർ ഫോയിൽ നിർമ്മിക്കാൻ പ്രതിക്ക് ബാങ്കിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
സുനിതയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും വിശദമായി പരിശോധിക്കും. രണ്ടാംപ്രതി ശാന്തി ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം ശാന്തിയുടെ വീട് പൂട്ടിയിട്ട നിലയിലാണ്. ഇവർ കുടുംബത്തോടൊപ്പം ഒളിവിൽ പോയതാകാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസിന്റെ നിഗമനം. നേമത്തെ 26.5 ലക്ഷം രൂപ വെട്ടിച്ചത് ശാന്തിയാണെന്നും ഇതിന് കൂട്ടുനിന്ന 11 പേരെക്കുറിച്ചും വ്യക്തമാക്കി സുനിത പരാതി നൽകിയതും പൊലീസ് അന്വേഷിക്കും.