വിതുര: മലയോരമേഖലയിൽ പെയ്തിറങ്ങുന്ന കനത്തമഴ തീരാദുരിതം വിതയ്ക്കുന്നു. മൂന്ന് ദിവസമായി പൊന്മുടി, ബോണക്കാട് മലയടിവാരത്ത് മഴ കോരിച്ചൊരിയുകയാണ്. വനത്തിൽ നിന്ന് മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഇത് മിക്കപ്പോഴും ഉരുൾപൊട്ടിയെന്ന കിംവദന്തി പടരാനും കാരണമാകുന്നുണ്ട്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പൊന്മുടി-തിരുവനന്തപുരം സംസ്ഥാനപാത വെള്ളത്തിൽ മുങ്ങുകയും പ്രധാന റോഡുകൾ താറുമാറാകുകയും ചെയ്തു.
അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. കൃഷിനാശവും വ്യാപകമാണ്. വാമനപുരം നദി ഗതിമാറി ഒഴുകിയതോടെ ഏക്കർ കണക്കിന് കൃഷിഭൂമി നശിച്ചു. ഒരു കോടിയിൽ പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വൈദ്യുതി വകുപ്പിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. ആദിവാസി മേഖലകളിലേക്കുള്ള നിരവധി ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലിൽ തകർന്നു. വാമനപുരം നദീതീരങ്ങളിൽ താമസിക്കുന്നവർ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. പൊന്മുടി വനമേഖലയിൽ ശക്തമായ മഴപെയ്തതോടെ കല്ലാറും നിറഞ്ഞൊഴുകി. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴശക്തിപ്പെട്ടതോടെ ഡാം പൂർണമായും നിറഞ്ഞു. ഇതോടെ ഡാമിലെ നാല് ഷട്ടറുകളും140 സെന്റീമീറ്റർ ഉയർത്തി. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ വെള്ളം തുറന്നുവിടും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മരംവീണ് ഗതാഗതം നിലച്ചു
കല്ലാർ ഗോൾഡൻവാലിക്ക് സമീപം മരം വീണ് പൊന്മുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. വൈദ്യുതിലൈനും തകർന്നു. വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. പൊന്മുടി റൂട്ടിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. തൊളിക്കോട് മലയടി ചെറുവക്കോണത്ത് തെങ്ങ് വൈദ്യുതലൈനിൽ വീണ് ഗതാഗതം തടസപ്പെട്ടു. വിതുര ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മാറ്റിപ്പാർപ്പിച്ചു
പേപ്പാറ വാർഡിലെ മീനാങ്കൽ ഭാഗത്ത് പത്തോളം വീടുകളിൽ വെള്ളം കയറി. വാർഡ് മെമ്പർ ലതാകുമാരിയുടെ നേതൃത്വത്തിൽ രണ്ടുവീട്ടുകാരെ പേപ്പാറ കരിപ്പാലം കിന്റർ ഗാർഡനിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ പൊടിയക്കോല ആദിവാസി കോളനിയിലേക്കുള്ള പാലം വെള്ളത്തിനടിയിലായതോടെ പൊടിയക്കാല നിവാസികൾ ഒറ്റപ്പെട്ടു.