ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് പ്രദേശത്ത് കാട്ടുപോത്തിറങ്ങി. ഇതേടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ഞയറാഴ്ച രാവിലെ 7ന് ജനവാസമേഖലയായ ബൗണ്ടർ മുക്ക്, മൂന്നാറ്റുമുക്ക്, മഞ്ചാടിവിള, ആനക്കയത്തും മൂല എന്നീ പ്രദേശങ്ങളിൽ കാട്ടുപോത്ത് പരിഭ്രാന്തി പരത്തിയത്. കനത്ത മഴയെത്തുടർന്നാണ് കാട്ടുപോത്ത് കാട് വിട്ട് നാട്ടിലിറങ്ങിയത്. പേപ്പാറ വനത്തിനുള്ളിൽ നിന്നും റോഡിലൂടെ നടന്ന് നീങ്ങിയ കാട്ടുപോത്ത് സമീപത്തെ റബർത്തോട്ടത്തിലുടെ ഒരു കിലോമീറ്ററോളം ഓടിയാണ് നാട്ടിലിറങ്ങി ജനങ്ങളെ പരിഭ്രാന്തരാക്കിയത്. നാട്ടുകാർ തുരത്തി പോത്തിനെ ആറ്റിനക്കരെയായി കാട്ടിലുള്ളിലേക്ക് കയറ്റി വിട്ടു. ഒരാഴ്ച മുൻപ് ഈഞ്ചപ്പുരിയിൽ മേഖലയിൽകണ്ട കാട്ടുപോത്തിനെ റാപിഡ് റസ്പോൺസ് ടീം എത്തിയാണ് തുരത്തി ഓടിച്ചത്. കാട്ടുപോത്തുകൾ സ്ഥിരമായി നാട്ടിലിറങ്ങുന്നത് മലയോര വാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.