വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ വഴിയോരക്കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോ ഇടിച്ചുമറിച്ചു. അപകടത്തിൽ വഴിയോരക്കച്ചവടക്കാരനായ പിരപ്പൻകോട് ചെറുവള്ളി പുത്തൻവീട്ടിൽ ഭരതരാജൻ (75), ഓട്ടോ ഡ്രൈവർ ഇടനാട് വൃന്ദാവനത്തിൽ രവി (56 ) എന്നിവർക്ക് ഗുരുതര പരിക്കുണ്ട്.
ഇന്നലെ പുലർച്ചെ 7.30ന് സംസ്ഥാന പാതയിൽ വയ്യേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വെമ്പായം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഭരതരാജനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോ ഇടിച്ച് മറിക്കുകയായിരുന്നു. ഓട്ടോയ്ക്കടിയിൽപ്പെട്ടാണ് രവിക്ക് പരിക്കേറ്റത്.
രണ്ടുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന മാവേലിക്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.